സൂപ്പർഹിറ്റായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് റോമ അസ്രാനി. മിസ്റ്റർ ഈറബാബു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും റോമ കൂടുതലും അഭിനയിച്ചത് മലയാള ചിത്രങ്ങളിലായിരുന്നു. റോമയുടെ ഏറ്റവും മികച്ച വേഷങ്ങളും മലയാളത്തിലായിരുന്നു. നോട്ട് ബുക്ക്, ചോക്ക്ളേറ്റ്, ജൂലൈ 4, ട്രാഫിക്, മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, കളേഴ്സ്, ചാപ്പാ കുരിശ് എന്നീ ചിത്രങ്ങൾ തന്നെ ഉദാഹരണം.
2017ൽ റിലീസ് ചെയ്ത സത്യ എന്ന ചിത്രത്തിനുശേഷം രണ്ടു വർഷത്തോളം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും തിരിച്ചെത്തുന്നു. നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിൽ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് റോമ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്.
പതിനെട്ടാംപടി ഫെയിം അക്ഷയ് രാധാകൃഷ്ണൻ ആണ് ചിത്രത്തിൽ നായകനാകുന്നത്. നൂറിൻ ഷെരീഫ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീവൻലാൽ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവരാണ് വെള്ളേപ്പം എന്ന ചിത്രം നിർമിക്കുന്നത്. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.