ശബരിമല: ഇസ്രയേലില്‍ നിന്ന് ആദ്യമായി സന്നിധാനത്തെത്തിയ സംഘം ദർശനം നടത്തി.ടെല്‍ അവീവില്‍ നിന്നുള്ള സഞ്ചാരികളായ ഗാബിയും ടാലിയും ഡോവിയും സെവിയും ആണ് സന്നിധാനത്ത് ദർശനം നടത്തിയത്. അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനമെന്ന് 70 പിന്നിട്ട അവര്‍ പറഞ്ഞു.
ഇസ്രായേലില്‍ നിന്നുള്ള ജൂതമത വിശ്വാസികളായ നാലുപേരും എൻജിനീയര്‍മാരാണ്. തമിഴ്നാട്ടില്‍ മധുര, തഞ്ചാവൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും മറ്റും സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ഇവര്‍ വര്‍ക്കല പാപനാശവും കോവളവും പോയ ശേഷമാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്. സന്നിധാനത്തെത്തിയ നാലുപേര്‍ക്കും പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിന്റെ ഐതീഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു.
ഉച്ചപൂജ സമയത്ത് ദര്‍ശനം നടത്തിയ നാലുപേര്‍ക്കും മേല്‍ശാന്തി പ്രസാദം നല്കി. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തുന്ന ആയിരക്കണക്കിന് തീർഥാടകരെ വിസ്മയത്തോടെ അവര്‍ നോക്കി നിന്നു. പോലീസ് നല്കിയ ഭക്ഷണവും കഴിച്ച ശേഷമാണ് മലയിറങ്ങിയത്.
ഇവര്‍ രണ്ടു ദിവസം കഴിഞ്ഞ് നെടുമ്പാശേരിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് യാത്ര തിരിക്കും. കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണവും ശബരീശ സന്നിധി പകര്‍ന്നു നല്കിയ അനുഭവങ്ങളും എന്നും ഓര്‍മയി ലുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.