തൊടുപുഴ: നാടൊട്ടുക്കും വിവിധ ബാങ്കുകൾ എടിഎം കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലത്തും ഇവ ജനങ്ങൾക്ക് പ്രയോജനകരമാകുന്നില്ലെന്ന് പരാതി. ഇടപാടുകാർക്ക് കൂടുതൽ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന വിവിധ ബാങ്കുകളുടെ എടിഎം കൗണ്ടറുകളാണ് ഉപഭോക്താക്കൾക്ക് സേവനം നൽകാതെ പലപ്പോഴും പണിമുടക്കുന്നത്.
സഹകരണ മേഖലയിലെയും പൊതുമേഖലയിലെയും ഉൾപ്പെടെ വിവിധ ബാങ്കുകളുടെ നൂറുകണക്കിന് എടിഎം കൗണ്ടറുകളാണ് നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും സ്ഥാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ഒരു കെട്ടിടത്തിനകത്ത് ഒന്നിലേറെ ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ ഒരുമിച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റുചില സ്ഥലങ്ങളിൽ ഒരു മുറിയിൽതന്നെ ഒന്നിലേറെ ബാങ്കുകളുടെ എടിഎമ്മുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
ബാങ്ക് ഇടപാടുകാർക്ക് ബാങ്കിൽ നേരിട്ടുചെന്ന് ഇടപാടുകൾ നടത്താതെ ലളിതമായ പ്രക്രിയയിലൂടെ പണം പിൻവലിക്കാനുളള സൗകര്യം, ബാങ്കിലുണ്ടാവുന്ന തിരക്കുകൾ ഒഴിവാക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ബാങ്കുകൾ എടിഎം സംവിധാനം ആവിഷ്കരിച്ചത്. എന്നാൽ പലപ്പോഴും എടിഎമ്മിൽനിന്നും ലഭിക്കേണ്ട സേവനങ്ങൾ ഇവിടെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതി ഏറുകയാണ്.
പണം പിൻവലിക്കാനെത്തുന്പോൾ പല എടിഎം കൗണ്ടറുകളിൽ ആവശ്യത്തിന് പണം ഉണ്ടാകില്ല. ചിലയിടങ്ങളിൽ ഇവയുടെ പ്രവർത്തനംതന്നെ നിലച്ച അവസ്ഥയിലാണ്. എടിഎം മെഷീനിലെ ചില ബട്ടണിൽ ഞെക്കുന്പോൾ തെറ്റായ വിവരങ്ങൾ തെളിയുന്നു, ഇടപാടുകൾ സംബന്ധിച്ചുള്ള സ്ലിപ്പുകൾ പതിവായി കിട്ടാതെവരുന്നു, പണം പിൻവലിക്കാൻ കൂടുതൽ സമയം എടുക്കുന്നു എന്നീ പരാതികളും വ്യാപകമാണ്.
എന്നാൽ എടിഎം പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പരാതികൾ അതാതു ബാങ്കുകളുടെ ശാഖാ മാനേജർമാരെ അറിയിച്ചാൽ അവർ ഇതു മുഖവിലക്കെടുക്കാറില്ലെന്നും പരാതിയുണ്ട്. ഇതുസംബന്ധമുള്ള പരാതികൾ ബന്ധപ്പെട്ട ബാങ്കിന്റെ മേലധികാരികളെ അറിയിച്ചാലും ഫലമുണ്ടാവാറില്ല. എടിഎം ഉപയോഗിക്കാതെ ബാങ്കിൽ നേരിട്ടുചെന്ന് സ്ലിപ്പ് പൂരിപ്പിച്ച് പണം പിൻവലിച്ചാൽ സർവീസ് ചാർജ് ഇനത്തിൽ ചില ബാങ്കുകാർ കൂടുതൽ പണം ഈടാക്കുന്നതിനാലാണ് കൂടുതൽപേരും എടിഎം കൗണ്ടറുകളെ ആശ്രയിക്കുന്നത്.