തിരുവനന്തപുരം: ആർത്തലച്ച ഗാലറിയെ നിശബ്ദമാക്കി കാര്യവട്ടത്തെ രണ്ടാം ട്വന്റി-20 വെസ്റ്റ് ഇൻഡീസ് തങ്ങളുടെ കാര്യമാക്കിമാറ്റി. ഇന്ത്യ മുന്നോട്ടുവച്ച 171 റണ്‍സ് എന്ന വിജയലക്ഷ്യം ഒന്‍പത് പന്ത് ബാക്കിനിൽക്കേ വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു, സന്ദർശകർക്ക് എട്ട് വിക്കറ്റ് ജയം. ക്യാച്ച് നഷ്ടപ്പെടുത്തിയതും റണ്‍സ് നേടുന്നതിൽ രോഹിത്, രാഹുൽ, കോഹ്ലി തുടങ്ങിയവർ പരാജയപ്പെട്ടതുമാണ് ഇന്ത്യൻ പരാജയത്തിന്റെ കാരണം. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴിന് 170. വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ രണ്ടിന് 173.
കടലിരന്പംപോലെ ആർത്തലച്ചുനിന്ന ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച സ്കോർ സമ്മാനിച്ച് ഇന്ത്യൻ സംഘം. അതിനു നേതൃത്വം നല്കി ശിവം ദുബെ. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഏവരും ഉറ്റുനോക്കിയിരുന്ന മലയാളി താരം സഞ്ജു വി. സാംസണ് അന്തിമ ഇലവണിൽ ഇടംപിടിക്കാഞ്ഞത് ആരാധകരെ അല്പം നിരാശരാക്കി.
എന്നാൽ, അതെല്ലാം മറന്ന് ഇന്ത്യയുടെ ഓരോ റണ്ണിനും ആവേശത്തിരയായി ആരാധകർ മാറി. കെ.എൽ. രാഹുലും രോഹിത് ശർമയും ഓപ്പണിംഗിനിറങ്ങിയപ്പോൾ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഷെൽഡണ്‍ കോട്രെൽ എറിഞ്ഞ ആദ്യഓവറിൽ ഇന്ത്യൻ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 12 റണ്‍സ്. ഇതിൽ ആറു റണ്‍സ് എക്സ്ട്രാസ് ആയിരുന്നു. രണ്ടാം ഓവറിൽ ഖാറി പിയറിയെ ബൗണ്ടറി പായിച്ച് കെ.എൽ. രാഹുൽ ഇന്ത്യൻ സ്കോർ 19 ൽ എത്തിച്ചു. മൂന്ന് ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സ് എന്ന നിലയിൽ. നാലാം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി. പിയറിയുടെ പന്തിൽ വന്പൻ അടിക്ക് ശ്രമിച്ച രാഹുൽ ഹെറ്റ്മയറിന്റെ കൈകളിൽ അവസാനിച്ചു.
ദുബെ തകർത്തു
മൂന്നാം നന്പറായി ശിവം ദുബെയെയാണ് ഇന്ത്യ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയായിരുന്നു ഈ സ്ഥാനത്ത്. സ്ഥാനക്കയറ്റം ലഭിച്ച ദുബെ, രോഹിത് ശർമയ്ക്കൊപ്പം ചേർന്ന് ഇന്ത്യൻ സ്കോർ ഉയർത്തി. ജേസണ്‍ ഹോൾഡർ എറിഞ്ഞ അഞ്ചാമത്തെ ഓവറിൽ രണ്ട് ഫോർ ഉൾപ്പെടെ ഇന്ത്യ ഒൻപതു റണ്‍സ് നേടി. ഏഴാം ഓവർ എറിഞ വിൻഡീസ് നായകൻ കിറോണ്‍ പൊള്ളാർഡിനു മുന്നിൽ ഇന്ത്യൻ താരങ്ങൾ റണ്‍ നേടാൻ പാടുപെട്ടു. എട്ടാം ഓവറിൽ ഹോൾഡറെ തുടർച്ചയായ പന്തുകളിൽ ഫോറും സിക്സും പറത്തി. ഇന്ത്യൻ 50 പിന്നിട്ടു. എന്നാൽ, ആ ഓവറിലെ നാലാം പന്തിൽ രോഹിത് ശർമയെ ക്ലീൻ ബൗൾഡാക്കി ഹോൾഡർ തിരിച്ചടിച്ചു. 18 പന്ത് നേരിട്ട രോഹിത്തിന്റെ സന്പാദ്യം 15 റണ്‍സ് മാത്രമായിരുന്നു. 7.4 ഓവറിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 56 റണ്‍സ് എന്ന നിലയിൽ.
തുടർന്നെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ചേർന്ന് ദുബെ ആക്രമണോത്സുക പോരാട്ടമാണ് നടത്തിയത്. ഒൻപതാം ഓവറിൽ രണ്ടാം പന്തിൽ റണ്‍ എടുക്കുന്നതിനിടെ ശരീരത്തിൽ ഉരസിയതിന് പൊള്ളാർഡ് ദുബെയുമായി വാക്കുതർക്കം നടത്തി. തുടർന്ന് കണ്ടത് ദുബെയുടെ റണ്‍വേട്ടയായിരുന്നു. മൂന്നു സിക്സറുകൾ ഉൾപ്പെടെ ഈ ഓവറിൽ നേടിയത് 26 റണ്‍സ്.
പത്താം ഓവറിന്റെ അവസാന പന്തിൽ ദുബെ അർധ സെഞ്ചുറി നേടി. 27 പന്തിൽനിന്നാണ് 50 റണ്‍സ് നേട്ടം. ഹെയ്ഡൻ വാൽഷ് ജൂണിയർ എറിഞ്ഞ അടുത്ത ഓവറിന്റെ ആദ്യ പന്തിൽ കൂറ്റൻ അടിക്കു ശ്രമിച്ച ദുബെയെ ബൗണ്ടറി ലൈനിനു സമീപത്തുവച്ച് പൊള്ളാർഡ് വിട്ടുകളഞ്ഞു. എന്നാൽ, അതേ ഓവറിൽ തന്നെ ഹെറ്റ്മയർ ക്യാച്ചെടുത്ത് ദുബെയെ പവലിയനിലേക്ക് അയച്ചു. 30 പന്തിൽ നാല് സിക്സും മൂന്നു ഫോറും ഉൾപ്പെടെ 54 റണ്‍സ് നേടിയാണ് ദുബെ മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ ഋഷഭ് പന്ത് നേരിട്ട രണ്ടാം പന്ത് തന്നെ സിക്സ് പായിച്ചു.
കോഹ്ലി x വില്യംസ്
കഴിഞ്ഞ കളിയിലെ മിന്നും താരമായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യൻ സ്കോർ 120 നിൽക്കെ നഷ്ടമായി. കെസ്റിക്ക് വില്യംസിന്റെ പന്തിൽ സിമണ്‍സ് ക്യാച്ചെടുത്താണ് കോഹ്ലിയെ പുറത്താക്കിയത്. ആദ്യ മത്സരത്തിൽ നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയ കോഹ്ലിയോട് മിണ്ടരുതെന്ന ആംഗ്യം കാണിട്ടാണ് വില്യംസ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. 17 പന്തിൽ നിന്ന് 19 റണ്‍സായിരുന്നു കോഹ്ലിയുടെ സന്പാദ്യം. 13.2ഓവറിൻ നാലുവിക്കറ്റ് നഷ്ടത്തിൽ 120 റണ്‍സ് എന്ന നിലയിൽ.
ശ്രേയസ് അയ്യർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, 11 പന്തിൽ 10 റണ്‍സ്. 11 പന്തിൽ എട്ട് റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയെ വില്യംസ് ബൗൾഡ് ആക്കി. വാഷിംഗ്ടണ്‍ സുന്ദർ നരിട്ട ആദ്യപന്തിൽ പുറത്തായി. 22 പന്തിൽ 33 റണ്‍സുമായി പന്ത് പുറത്താകാതെനിന്നു.
ക്യാച്ചും കളിയും നഷ്ടം
ഭുവനേശ്വർ എറിഞ്ഞ അഞ്ചാം ഓവറിൽ രണ്ട് ക്യാച്ച് നഷ്ടപ്പെടുത്തി. ആദ്യം ലെൻഡൽ സിമണ്‍സിനെ വാഷിംഗ്ടണ്‍ സുന്ദർ വിട്ടുകളഞ്ഞു. ഒരു പന്തിന്റെ ഇടവേളയിൽ എവിൻ ലെവിസിനെ വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തും താഴെയിട്ടു. സിമണ്‍സും (45 പന്തിൽ 67 നോട്ടൗട്ട്), ലെവിസും (35 പന്തിൽ 40) ആണ് വിൻഡീസിന്റെ വിജയത്തിന് അടിത്തറയിട്ടത്. ഇവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 9.5 ഓവറിൽ 73 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്.
18 പന്തിൽ 38 റണ്‍സ് നേടിയ നിക്കോളാസ് പുരാൻ പുറത്താകാതെനിന്നു. പുരാൻ നടത്തിയ വെടിക്കെട്ട് വിൻഡീസ് ജയത്തിൽ നിർണായകമായി.
തോമസ് വർഗീസ്