പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സുദര്‍ശനം പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ പി .ബി.നൂഹ്. ലോക തീര്‍ഥാടനകേന്ദ്രമായ ശബരിമലയിലെത്തുന്ന വയോജനങ്ങള്‍ക്കും ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങു നല്‍കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ നടപ്പാക്കുന്ന സുദര്‍ശനം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയേഴ്സിനുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
സുദര്‍ശനം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന് റോഡിലുമായി 18 ഇടങ്ങളില്‍ സന്നദ്ധസേവകരെ നിയോഗിച്ച് മലകയറുന്നതിനുള്ള സഹായവും ആരോഗ്യസേവനങ്ങളും നല്‍കും. നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടുത്തി സുദര്‍ശനം ഹെൽപ് ഡസ്ക് സ്ഥാപിക്കും.
വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള ദ്വിഭാഷികള്‍ക്ക് സുദര്‍ശനം ഹെൽപ് ഡസ്കിന്റെ ചുമതല നല്‍കും. നടന്ന് മലകയറാന്‍ സാധിക്കാത്തവര്‍ക്ക് ഡോളി സൗകര്യം ഏര്‍പ്പെടുത്തും. വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളം, കാനന പാതകളില്‍ ഇരിപ്പിട സൗകര്യം അടിയന്തിര ഘട്ടങ്ങളില്‍ താല്‍ക്കാലിക താമസസൗകര്യം തുടങ്ങിയവയും ഏര്‍പ്പെടുത്തും.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പമ്പ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ രാജു ഏബ്രഹാം എംഎല്‍എ നിര്‍വഹിക്കും. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ദേവസ്വം ബോര്‍ഡ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നിര്‍വഹണത്തിന്റെ ചുമതല ജില്ലാ പ്രൊബേഷന്‍ ഓഫീസിനാണ്.
വഴിപാട്: അരി നിക്ഷേപിക്കാൻ 12 ശേഖരണകേന്ദ്രങ്ങൾ
ശബരിമല: തീർഥാടകർ ഇരുമുടിക്കെട്ടിൽ പ്രധാന വഴിപാടായി കൊണ്ടുവരുന്ന അരി ശേഖരിക്കാൻ സന്നിധാനത്തും മാളികപ്പുറത്തുമായി 12 കേന്ദ്രങ്ങൾ. സന്നിധാനത്തും മാളികപ്പുറത്തും ഫ്ളൈ ഓവറിന് ഇരുവശത്തും നാല് അരിശേഖരണ കേന്ദ്രങ്ങളുണ്ട്. മഹാ കാണിക്ക, വലിയ നടപ്പന്തൽ ധനലക്ഷമി ബാങ്കിന് സമീപം, അയ്യപ്പസേവാസംഘം അന്നദാന കേന്ദ്രം മാളികപ്പുറത്തിന് സമീപം മാഗുണ്ട നിലയം, 108 പടികൾ എന്നിങ്ങനെ അയ്യപ്പഭക്തർ വിരിവയ്ക്കുന്ന ഇടങ്ങളിൽ തന്നെ വഴിപാട് അരി ശേഖരിക്കുന്നതിനുള്ള കേന്ദ്രങ്ങളുണ്ട്. ഉണക്കലരിയും പച്ചരിയും പ്രത്യേകമാണ് ശേഖരിക്കുന്നത്.