തിരുവില്വാമല: വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിൽ പുനർജനി പുണ്യംതേടി ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപമുള്ള വില്വാമലയിൽ വിശ്വാസികളെത്തി. പാപമോചനം തേടി നിരവധി ഭക്തരാണ് അതിരാവിലെ മുതൽ പുനർജനി നൂഴാനായി തങ്ങളുടെ ഊഴവും കാത്ത് ഗുഹാമുഖത്തെത്തിയത്. പുലർച്ചെ അഞ്ചിനു ചടങ്ങുകൾ ആരംഭിച്ചു.
ക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി നെല്ലിക്ക ഉരുട്ടിയാണു നൂഴൽ ആരംഭിച്ചത്. ഇടുങ്ങിയതും ഇരുട്ട് നിറഞ്ഞതുമായ ഗുഹയിലൂടെ പിന്നിലും മുന്നിലും ഉള്ളവരുടെ സഹായം തേടിയാണ് ഇരുളടഞ്ഞ ഗുഹയിലൂടെ ഓരോരുത്തരായി അകത്തുകടന്ന് മറുവശത്തുകൂടി പുറത്തുവന്നത്. പാറപ്പുറത്ത് ചന്തുവാണ് ആദ്യം ഗുഹയിൽ പ്രവേശിച്ചത്. പിന്നീട് ഓരോരുത്തരായി അകത്തുകടന്നു.
കഴിഞ്ഞ 40 വർഷമായി തുടർച്ചയായി ആദ്യമായി പുനർജനി നൂഴുന്ന ഭക്തനായി ചന്തു തുടരുന്നു. കർമപാപങ്ങളൊടുക്കി പുനർജനി നൂഴ്ന്ന് വരുന്നവരെ കാത്ത് ഉറ്റവർ പ്രാർഥനാപൂർവം കാത്തുനിന്നു. ഗുരുവായൂർ ഏകാദശി നാളിലെ പരിപാവനമായ നൂഴൽ ചടങ്ങ് കാണാനായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ വില്വാമലയിൽ തടിച്ചുകൂടിയിരുന്നു. ഇത്തവണ പുനർജനി നൂഴൽ ഞായറാഴ്ച വന്നതിനാൽ പതിവിൽ കൂടുതൽ തിരക്ക് ദൃശ്യമായിരുന്നു.
മറ്റു ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നും ഭക്തർ വില്വാമലയിൽ എത്തിയിരുന്നു. പുനർജനിയോട് ബന്ധപ്പെട്ടു കിടക്കുന്ന ഗണപതി തീർഥം, പാപനാശിനി തീർഥം, പാതാള തീർഥം തുടങ്ങിയ തീർഥങ്ങളിൽ ദേഹശുദ്ധി വരുത്തിയശേഷമാണു ഭക്തർ നൂഴാനെത്തുന്നത്. ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയുണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ദർശനത്തിന് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.