പഴയങ്ങാടി: കണ്ണപുരം പോലീസിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ നാലുപേരെ റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ കണ്ണപുരം കാരങ്കാവ് അമ്പലത്തിന് സമീപമുള്ള റോഡരികിൽ നിർമിച്ച ഷെൽട്ടർ പൊളിക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് കൈയേററത്തിൽ കലാശിച്ചത്.
കാരങ്കാവിന് സമീപത്തെ കെ. വി. സജീവൻ (42), കെ.വി.ജിജേഷ് (34), കെ.വി.ജിനേഷ് (39), എ.വി. രഞ്ജിത് (43) എന്നിവരെയാണ് കണ്ണപുരം എസ്ഐ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്ത് ത്. മജിസ്ട്രേട്ടു മുന്പാകെ ഹാജരാക്കിയ പ്രതികളെയാണ് റിമാൻഡു ചെയ്തത്.
അമ്പല റോഡരികിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ മദ്യപിച്ച് പരിസര വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ഇവരെ പരിസരവാസികളുടെ പരാതിയെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ഷെഡ് പൊളിച്ച് മാറ്റുകയും ഒരാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് വരുകയും ചെയ്തു.
തുടർന്ന് സംഘടിച്ചെത്തിയ സംഘം പിന്നിട്ട് ഷെഡ് പുനസ്ഥാപിച്ചു എന്ന വിവരത്തെ തുടർന്ന് എത്തിയ പോലീസ് സംഘത്തെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിനെ ആക്രമിച്ചതിനും ഔദോഗിക കൃത്യനിർവഹണം തടസപെടുത്തിയതിനുമാണ് ഇവരെ അറസ്റ്റു ചെയ്തത്. കൂടാതെ കണ്ടാലറിയാവുന്ന ഒമ്പതു പേർക്കെതിരേ കേസ് എടുത്തിട്ടുണ്ട്.