കണ്ണൂർ: കർഷക ജനതയുടെ പോരാട്ട ചരിത്രത്തിൽ പുതിയ അധ്യായമെഴുതി കണ്ണൂരിൽ കർഷക മഹാസംഗമം. തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മഹാസംഗമത്തിലും കർഷകറാലിയിലും ലക്ഷങ്ങൾ അണിനിരന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിന് പരന്പരാഗത കർഷക വേഷത്തിൽ കാർഷികോപകരണങ്ങളുമായി എത്തിയ കർഷകർ ഭരണസിരാകേന്ദ്രങ്ങൾക്ക് ചുറ്റിലും കോട്ട തീർത്തു.
ഇന്നു പുലർച്ചെ മുതൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ മേഖലകളിൽ നിന്ന് കണ്ണൂരിലേക്ക് കർഷകരുടെ പ്രവാഹമായിരുന്നു. എല്ലാ വഴികളും രാവിലെ ഒൻപതിന് കളക്ടറേറ്റ് മൈതാനിയിൽ സംഗമിച്ചു. തുടർന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി.
ബത്തേരി ബിഷപ് ജോസഫ് മാർ തോമസ്, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ എന്നിവർ അനുഗ്രഹ സന്ദേശം നൽകി. എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കർഷക ഐക്യദാർഢ്യ സന്ദേശം നൽകി. കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഹെഡ് പോസ്റ്റ്ഓഫീസ് ധർണയുടെ ഉദ്ഘാടനവും വേദിയിൽ വച്ചു നടന്നു ആർച്ച് ബിഷപ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് കാവനാടിയിൽ പ്രസംഗിച്ചു.
ജനറൽ കൺവീനർ ഫാ.മാത്യു ആശാരിപറന്പിൽ കർഷക ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് കർഷകറാലി ആരംഭിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിലിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പഴയ ബസ്സ്റ്റാൻഡ്, പോസ്റ്റ് ഓഫീസ്, പോലീസ് ക്വാർട്ടേഴ്സ് വഴി കളക്ടറേറ്റിന് മുന്നിലൂടെ റാലി നീങ്ങി.
ചെണ്ടമേളത്തിനും വലിയ ബാനറിനും പിന്നിലായി ബിഷപ്പുമാർ, ഫൊറോന കൺവീനർമാർ, പ്രൊവിഷ്യൽമാർ, സംഘടനകളുടെ അതിരൂപത പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കർഷകപ്രക്ഷോഭ അതിരൂപത ഭാരവാഹികൾ എന്നിവരടങ്ങിയ 101 പേർ റാലിയുടെ മുൻനിരയിൽ അണിനിരന്നു. തൊട്ടുപിറകെ ശിങ്കാരിമേളത്തിനും ബാനറിനും പിന്നിലായി 16 ഫൊറോന വികാരിമാർ, 16 ചെയർമാൻമാർ, കർഷക സംഘടനാ പ്രതിനിധികൾ, സംഘടന അതിരൂപത ഭാരവാഹികൾ എന്നിവർ നിരന്നു. തുടർന്ന് ഓരോ ഫൊറോനയിൽ നിന്നും എത്തിയർ അക്ഷരമാലാ ക്രമത്തിൽ നീങ്ങി.
റാലിക്കിടെ കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരേ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരേ കളക്ടറേറ്റിനു മുന്നിലും ധർണകൾ നടന്നു.ഹെഡ് പോസ്റ്റ് ഓഫീസ് ധർണയിൽ മാർ ജോസഫ് പാംപ്ലാനി, കർഷക പ്രക്ഷോഭസമിതി സെക്രട്ടറി ഫാ.ഫിലിപ്പ് കവിയിൽ, അഡ്വ. ബിനോയി തോമസ്, സരിഗ കൊന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു. കളക്ടറേറ്റിനു മുന്നിൽ നടന്ന ധർണയിൽ ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷത വഹിച്ചു.
പാണത്തൂർ മുതൽ കൊട്ടിയൂർ വരെ ആനമതിൽ നിർമിക്കുക, വന്യമൃഗശല്യത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, റബറിനും മറ്റു നാണ്യവിളകൾക്കും ന്യായമായ തറവില നിശ്ചയിക്കുക, കർഷകർക്ക് പതിനായിരം രൂപയെങ്കിലും പെൻഷൻ ഏർപ്പെടുത്തുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക ജോലികളും ഉൾപ്പെടുത്തി വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉത്തരമലബാർ കർഷകപ്രക്ഷോഭം.
ഫാ.ബാബു മാപ്ലശേരി, ഫാ. റോയ് കണ്ണൻചിറ, എകെസിസി ഗ്ലോബൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, അഡ്വ. ബിനോയ് തോമസ്, സിജോ അന്പാട്ട്, ജോളി കാരക്കുന്നേൽ, ജോർജ് അർത്തനാക്കുന്നേൽ, ജോഷ് ജോ ഒഴുകയിൽ, ഗോവിന്ദ് ഭട്ട്, ഷുക്കൂർ കണാജെ, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, കോട്ടയം രൂപത ഫാ. ജോസ് നെടുങ്ങാട്ട്, ബത്തേരി രൂപത ഫാ. ടോണി കോഴിമണ്ണിൽ, ഫൊറോന വികാരി പ്രതിനിധി ഫാ. ആന്റണി മുതുകുന്നേൽ, ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. സെബാസ്റ്റ്യൻ ഇടയാടിയിൽ, കാസർഗോഡ് ജില്ല വൈദിക പ്രതിനിധി ഫാ. ജോസഫ് കൊളുത്താപ്പള്ളി, കുടുംബകൂട്ടായ്മ പ്രസിഡന്റ് ഡോ. മാത്യു മണ്ഡപത്തിൽ, എകെസിസി പ്രസിഡന്റ് ദേവസ്യ കൊങ്ങോല, ഇൻഫാം പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, കണ്ണൂർ ലാറ്റിൻ കാത്തലിക് അസോസിയേഷൻ രതീഷ് ആന്റണി, രാജപുരം-ക്നാനായ സമൂഹ പ്രതിനിധി ബാബു കദളിമറ്റം എന്നിവർ പ്രസംഗിച്ചു.
കർഷക പ്രക്ഷോഭസമിതി ചെയർമാൻ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ സ്വാഗതവും തലശേരി അതിരൂപത ചാൻസലർ ഫാ. തോമസ് തെങ്ങുംപള്ളിൽ നന്ദിയും പറഞ്ഞു.