തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും കാറപകടത്തിൽ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറി സർക്കാർ ഉത്തരവിറക്കി. ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്ക്കാര് നടപടി.
സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടം പുനസൃഷ്ടിച്ചും ശാസ്ത്രീയ പരിശോധനകൾ നടത്തിയും അസ്വാഭാവികതയില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തുവന്നത്.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വാഹനമോടിച്ചിരുന്നത് അർജുനാണെന്നാണ് കണ്ടെത്തിയത്. വാഹനമോടിച്ചത് ബാലഭാസ്കർ ആണെന്നായിരുന്നു അർജുൻ പോലീസിന് മൊഴി നൽകിയിരുന്നത്.
എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ഈ മൊഴി തള്ളിയിരുന്നു. വാഹനമോടിച്ചത് അർജുനാണെന്നായിരുന്നു അവരുടെ മൊഴി. ഇതോടെയാണ് ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധന നടത്തിയത്.
അപകടത്തിൽ അർജുനേറ്റ പരിക്ക് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചും വിദഗ്ധരുടെ ഉപദേശങ്ങൾ സ്വീകരിച്ചുമാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. എന്നാൽ എന്തുകൊണ്ട് അർജുൻ കളവ് പറഞ്ഞുവെന്ന കാര്യം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നില്ല.