കോട്ടയം: ദോശയും ഓംലെറ്റും വിതരണം ചെയ്ത് ഹോട്ടലുകാരുടെ വ്യത്യസ്ത സമരം. ദോശയ്ക്ക് സാന്പാറില്ല, ഓം ലെറ്റിൽ സാവളയും ഇല്ല എന്നതാണ് പ്രത്യേകത. 12ന് ഉച്ചകഴിഞ്ഞ് 3.30നു കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലാണ് ധർണ നടത്തുക.
വിലക്കയറ്റത്തിൽ ഹോട്ടൽ മേഖലയ്ക്കു പിടിച്ചുനിൽക്കാനാവാത്ത സാഹചര്യത്തിൽ വ്യത്യസ്ത പ്രതിഷേധസമരത്തിന് നേതൃത്വം നല്കുന്നത് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനാണ്. വിലക്കയറ്റത്തിനും അനധികൃത കച്ചവടസ്ഥാപനങ്ങൾക്കുമെതിരായാണ് പ്രതിഷേധം. പച്ചക്കറിയുടെയും അവശ്യസാധനങ്ങളുടെയും വില വർധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ദോശയ്ക്കൊപ്പം സാന്പാർ ഉണ്ടാകില്ല. ഓംലെറ്റിൽ സവാളയും ഒഴിവാക്കും.
ഹോട്ടൽ ആൻഡ് റസ്റ്ററന്റ് മേഖലയെ തകർക്കുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് ധർണ. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തുന്ന ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യും.
ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പുകുട്ടി, ജില്ലാ സെക്രട്ടറി എൻ. പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ ട്രഷറർ പി.എസ്. ശശിധരൻ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആർ.സി. നായർ, ജില്ലാ വൈസ്പ്രസിഡന്റ് സി.ടി. സുകുമാരൻനായർ, അൻസാരി പത്തനാട് എന്നിവർ നേതൃത്വം നൽകും.