അത്താണി: ദൈവശുശ്രൂഷയെന്നതു ശാരീരിക മാനസിക വൈകല്യമുള്ളവരെ സംരക്ഷിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവരുടെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന പോപ്പ്പോൾ മേഴ്സി ഹോമിനെപ്പോലെയുള്ള സ്ഥാപനങ്ങൾ നാടിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിയുള്ളവർക്കുവേണ്ടി പെരിങ്ങണ്ടൂർ പോപ്പ്പോൾ മേഴ്സിഹോമിൽ ആരംഭിച്ച ബേക്കിംഗ് പരിശീലനകേന്ദ്രം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേക്കിംഗ് യൂണിറ്റ് സ്ഥാപിച്ച് ഉത്പന്നങ്ങൾ പുറത്തിറക്കി മാർക്കറ്റിംഗ് വ്യാപകമാക്കണം. മേഴ്സിഹോമിലെ അന്തേവാസികൾക്കായി തന്റെ ഒരു മാസത്തെ ശന്പളമായ തൊണ്ണൂറായിരം രൂപ സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. അനിൽ അക്കര എംഎൽഎയുടെ ആവശ്യപ്രകാരം പൊതുജനങ്ങളിൽനിന്നു സ്വരൂപിച്ച തുക ഉപയോഗിച്ചാണ് കേന്ദ്രം ആരംഭിച്ചത്. അനിൽ അക്കര എംഎൽഎ, ഫാ. ജോജു ആളൂർ, കെ. അജിത്ത്കുമാർ, സി.വി. കുരിയാക്കോസ്, മധു അന്പലപുരം, ജിജോ കുര്യൻ, എൻ.ആർ. രാധക്യഷണൻ, ഫാ. ജോണ്സണ് അന്തിക്കാട്ട്, ഫാ. അനീഷ് ചിറ്റിലപ്പിള്ളി തുടങ്ങിയവർ പ്രസം ഗിച്ചു. ബേക്കിംഗ് പരിശീലനം ആരം ഭിക്കുന്നതിലൂടെ ഇരുപതിലധികം തൊഴിൽ പരിശീലനമാണ് പോപ്പ് പോളിൽ നൽകി വരുന്നത്.
പേപ്പർ പ്ലേറ്റ്, കവർ മേക്കിംഗ്, ജൈവ കൃഷി, ഫാമിംഗ്, ബുക്ക് ബൈൻഡിംഗ്, പേന അസംബ്ലിംഗ്, തയ്യൽ പരീശിലനം, കൊന്ത, മെഴുകുതിരി, ഫയൽ, ഫാൻസി ആഭരണങ്ങൾ, ഹോം ഡെക്കർ, ഡിറ്റർജെന്റ് , പാവ, ചന്ദനത്തിരി നിർമാണം തുടങ്ങിയവയാണ് അവ. കുട്ടികൾ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.