സ്വന്തം ലേഖകൻ
തൃശൂർ: കടൽകടന്ന് തൃശൂരിന്റെ പുലികൾ ദുബായിയിലേക്ക്. വെള്ളിയാഴ്ച ദുബായ് ബോളിവുഡ് പാർക്കിൽ നടക്കുന്ന വിസ്മയോത്സവത്തിന്റെ ഭാഗമായാണ് തൃശൂരിലെ പുലിക്കളി ദുബായിലെത്തുന്നത്. ഇത്തവണ നാലോണനാളിലെ പുലിക്കളിയിൽ തൃശൂർ നഗരത്തിൽ ചുവടുവെച്ച് പുലിക്കളിപ്രേമികളെ ആവേശത്തിലാഴ്ത്തിയ കോട്ടപ്പുറം ദേശത്തെ പുലികളാണ് മണൽനഗരത്തെ കൊടുന്പിരി കൊള്ളിക്കാൻ ദുബായിയിലെത്തുന്നത്.
തൃശിവ കോട്ടപ്പുറത്തിന്റെ 10 പുലികളാണ് നാളെ നെടുന്പാശേരിയിൽ നിന്ന് ദുബായിയിലേക്ക് പറക്കുക. തൃശിവ കോട്ടപ്പുറത്തിന്റെ രാജേഷ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുടവയറൻമാർ പുലികൾ കടൽകടക്കുന്നത്. സുരേഷാണ് പുലിവരയുടെ പ്രാമാണ്യം.
പുലികളുടെ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച പുലിക്കളിയാണ് സാധാരണ ഗൾഫിൽ അവതരിപ്പിക്കാറാണ്. എന്നാൽ അതിനു പകരം തൃശൂരിൽ നാലോണനാളിൽ നടക്കാറുള്ള പുലിക്കളി തന്നെ ദുബായിയിൽ അവതരിപ്പിക്കണമെന്ന് മ്മ്ടെ തൃശൂർ എന്ന കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു. അങ്ങിനെയാണ് ഇത്തവണ തൃശൂരിൽ നടന്ന പുലിക്കളിയിൽ മികച്ച പുലിവേഷത്തിനുള്ള സമ്മാനം നേടിയ കോട്ടപ്പുറം ദേശത്തെ പുലികളെ തേടി ഗൾഫിൽ നിന്നും വിളി വന്നത്.മട്ടന്നൂർ ശങ്കരൻകുട്ടി, സ്റ്റീഫൻ ദേവസി എന്നിവരുടെ പരിപാടികളും ദുബായിയിൽ വിസ്മയോത്സവത്തിൽ ഉണ്ടായിരിക്കും.
പുലിവേഷം വരയ്ക്കാനുള്ള പെയിന്റ് ഇവിടെ നിന്ന് കൊണ്ടുപോകുന്നുണ്ട്. പെയിന്റ് കൊണ്ടുപോകാൻ എയർപോർട്ടിൽ എന്തെങ്കിലും തടസമുണ്ടോ എന്ന സംശയം ബാക്കിയുണ്ടെന്ന് തൃശിവ കോട്ടപ്പുറത്തിന്റെ അമരക്കാരൻ രാജേഷ് പറഞ്ഞു. പത്തു പുലികളും ഇത്തവണ തൃശൂരിൽ ചുവടുവെച്ച പുലികൾ തന്നെയാണ്. പതിനഞ്ചോളം കൊട്ടുകാരെ ദുബായിയിൽ ഒരുക്കിയിട്ടുണ്ട്.വെള്ളിയാഴ്ച ബോളിവുഡ് പാർക്കിനെ പുലിപാർക്കാക്കി മാറ്റി തൃശൂരിന്റെ പുലികൾ മണൽ നഗരത്തിൽ നിറഞ്ഞാടും.