പറവൂർ: കച്ചേരിപ്പടിയിൽ എക്സൈസ് ഓഫീസിന് മുന്നിലായി പ്രവർത്തനം തുടങ്ങിയ ബാറിലേക്കുള്ള വഴി ഏതാനും വ്യക്തികളുടെ സ്വകാര്യ വഴിയിലൂടെയാക്കിയതിനെതിരേ സ്ഥലമുടമകൾ പോലീസിലും എക്സൈസിലും നഗരസഭാ ഓഫീസിലും പരാതി നൽകി.
സ്വകാര്യവഴിയുടെ ഇരുവശങ്ങളിലുമായി താമസിക്കുന്ന ഏതാനും വീട്ടുകാർക്ക് യാത്ര ചെയ്യുന്നതിന് മാത്രമായിട്ടുള്ളതാണ് വഴി. ഇവരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെയാണ് ബാറുടമയും ബന്ധപ്പെട്ട അധികാരികളും ചേർന്ന് മദ്യം വാങ്ങാനെത്തുന്നവർക്കും കുടിക്കാനെത്തുന്നവർക്കുമായി ഈ വഴിയിലൂടെ പോകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനെതിരേ ഇവിടുത്തെ താമസക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ബാറിലേക്ക് പോകുന്നവർക്കുള്ള വഴിയായി ഇത് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യവിരുദ്ധരുടെശല്യം വർധിച്ചതായും പരാതിയുണ്ട്.