മമ്മൂട്ടി നായകനാകുന്ന മാമാങ്കം എന്ന വന്പൻ ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കെ വിവിധയിടങ്ങളിൽ നടന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും വാർത്തായാവുകയാണ്.
ഏറ്റവും ഒടുവിൽ ദുബായിയിൽ നടന്ന പ്രമോഷൻ പരിപാടിയാണ് വാർത്തയിൽ നിറഞ്ഞത്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച പ്രാചി തെഹ്ലാൻ മമ്മൂട്ടിയെപ്പറ്റി വികാരനിർഭരമായി സംസാരിച്ചതാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടിയെപ്പറ്റി സംസാരിക്കവേ പ്രാചിയുടെ കണ്ണുകൾ നിറയുകയും വാക്കുകൾ ഇടറുകയും ചെയ്തു. ആരാകണമെന്ന ചോദ്യത്തിന് തനിക്ക് മമ്മൂക്കയാകണം എന്നാണ് പ്രാചി മറുപടി പറഞ്ഞത്. മഹാനായ നടൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹിയാണ് മമ്മൂട്ടിയെന്നും പ്രാചി പറഞ്ഞു. കരഞ്ഞു പോയതിന് പ്രാചി പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തു.
പിന്നീട് ഇതിന്റെ വീഡിയോ പ്രാചി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും മനോഹരമായ ഒരു കുറിപ്പ് പ്രസിദ്ധികരിക്കുകയും ചെയ്തു. മാമാങ്കം എന്ന ചിത്രത്തിന്റെ ഭാഗമായതിലും അരങ്ങേറ്റം മമ്മൂട്ടിക്കൊപ്പമായതിലുമുള്ള സന്തോഷം അറിയിച്ചുകൊണ്ടാണ് കുറിപ്പു തുടങ്ങുന്നത്.
നടിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും മാമാങ്കത്തിൽ അഭിനയിക്കാനെത്തിയതോടെ പുതിയ അനുഭവങ്ങളാണുണ്ടായതെന്നും താരം പറയുന്നു. സ്പോർട്സിൽ പത്തുവർഷം കൊണ്ട് നേടിയതിനേക്കാൾ അറിവുകൾ രണ്ടു വർഷം മാമാങ്കത്തിനൊപ്പം യാത്ര ചെയ്തപ്പോൾ ലഭിച്ചുവെന്നും പ്രാചി പറയുന്നു.