ലണ്ടന്‍: രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ ഭ്രൂണത്തിലൂടെ കുട്ടി ജനിച്ചത് വൈദ്യശാസ്ത്രരംഗത്തിനു നേട്ടമായി. ലോകത്താദ്യമായാണ് രണ്ട് ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത്. ബ്രിട്ടീഷ് സ്വവര്‍ഗ ദമ്പതികള്‍ക്കാണ് ഇത്തരത്തില്‍ ഒരു ആണ്‍കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്. ജാസ്മിന്‍ ഫ്രാന്‍സിസ് സ്മിത്ത് (28), ഡോണ ഫ്രാന്‍സിസ് സ്മിത്ത് (30) എന്നീ സ്വവര്‍ഗ ദമ്പതികള്‍ക്കാണ് കുഞ്ഞ് ജനിച്ചത്.
ഡോണയുടെ പ്രത്യുല്‍പാദന കോശമായ അണ്ഡമാണ് കൃത്രിമ ബീജ സങ്കലനത്തിന് വിധേയമാക്കിയത്. കൃത്രിമ ബീജ സങ്കലന പ്രക്രിയക്ക് (ഐ.വി.എഫ്) ശേഷം ഇത് തിരികെ ഡോണയുടെ ഗര്‍ഭപാത്രത്തിലേക്ക് തന്നെ നിക്ഷേപിച്ചു. ബീജ സങ്കലനം നടന്ന അണ്ഡത്തെ 18 മണിക്കൂറിന് ശേഷം പങ്കാളിയായ ജാസ്മിന്റെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ഭ്രൂണം വളര്‍ന്നതും കുഞ്ഞായി രൂപാന്തരപ്പെട്ടതും ജാസ്മിന്റെ ഗര്‍ഭപാത്രത്തിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ജാസ്മിന്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിന് ജന്മം നല്‍കി. ഒട്ടിസ് എന്നാണ് കുഞ്ഞിന് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്.
രണ്ട് മാസം പ്രായമായ കുഞ്ഞും അമ്മമാരും സുഖമായി കഴിയുകയാണ്. സ്വവര്‍ഗ ദമ്പതിമാര്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍, രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന കുഞ്ഞിന് ജന്മം നല്‍കുന്നത് ലോകത്ത് ആദ്യമായാണെന്ന് ബ്രിട്ടീഷ് ഫെര്‍ട്ടിലിറ്റി സൊസൈറ്റി അധ്യക്ഷന്‍ ഡോ. ജെയിംസ് സ്‌ററുവര്‍ട്ട് പറയുന്നു. പങ്കാളിത്ത മാതൃത്വം എന്നാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയ രീതിയെ ഡോക്ടര്‍മാര്‍ വിളിക്കുന്നത്.
ആര്‍മി ലാന്‍സ് കോര്‍പറല്‍ ആയ ഡോണയും ഡെന്റല്‍ നഴ്‌സായ ജാസ്മിനും ഓണ്‍ലൈന്‍ സൗഹൃദത്തിലൂടെയാണ് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലെത്തിയത്. 2018ലായിരുന്നു ഇവരുടെ വിവാഹം. കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ തുല്യ പങ്ക് വഹിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറെ വൈകാരികമായ അനുഭവമാണിതെന്നും ഇരുവരും പറയുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍