ആലപ്പുഴ: പന്പിംഗ് കരാറുകാരനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങവേ ആലപ്പുഴ ഡെപ്യൂട്ടി തഹസിൽദാർ ( പുഞ്ചകൃഷി) വിജിലൻസ് പിടിയിലായി. പുഞ്ചകൃഷിക്കായി വെള്ളം പന്പ് ചെയ്ത കരാറുകാരനായ ടെൻസിംഗിന് കിട്ടാനുള്ള 5,50,000 രൂപ മാറി നൽകുന്നതിനു ബിൽ സമർപ്പിച്ച് മാസങ്ങളായിട്ടും തുക മാറി നൽകിയിരുന്നില്ല.
ഇതിനെപറ്റി തിരക്കാനായി ഡെപ്യൂട്ടി തഹസിൽദാരായ സച്ചുവിനെ സമീപിച്ചപ്പോൾ ബില്ല് മാറുന്നതിനായി 5000 രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. ടെൻസിംഗ് ഇക്കാര്യം ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡിവൈ എസ്പി റെക്സ് ബോബി അരവിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആലപ്പുഴ വിജിലൻസ് കെണി ഒരുക്കി.
ആദ്യ ഗഡുവായി 2000 രൂപ ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിനു സമീപമുള്ള ഓഫീസ് പരിസരത്ത് വച്ച് സച്ചു ടെൻസിംഗിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് പിടിയിലായത്. വിജിലൻസ് സംഘത്തിൽ ആലപ്പുഴ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർമാരായ ബാബുകുട്ടൻ, ഋഷികേശൻ നായർ, കെ.വി. ബെന്നി, എസ്ഐ പീറ്റർ അലക്സാണ്ടർ, എഎസ്ഐ മനോജ്, എസ്സിപിഒമാരായ ജയലാൽ, ബിജിമോൻ സിപിഒമാരായ ഷിജു, കൃഷ്ണകുമാർ, സുനീഷ് സുദീപ്, വിജു, ഡബ്ല്യൂസിപിഒ നീതുമോഹൻ എന്നിവരും ഉണ്ടായിരുന്നു. ഡെപ്യൂട്ടി തഹസിൽദാരെ ഇന്ന് കോട്ടയം വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കും.