കൊച്ചി: വയനാട് ബത്തേരിയിലെ ഗവ. സർവജന ഹൈസ്കൂൾ വിദ്യാർഥിനി ഷഹ്ല ഷെറിൻ പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂൾ അധ്യാപകൻ സി.വി. ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, ഡോ. ജിസ മെറിൻ ജോയ് എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നു വ്യക്തമാക്കി പോലീസ് ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി.
പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂവരും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് മാനന്തവാടി അസി. പോലീസ് കമ്മീഷണർ വൈഭവ് സക്സേന ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നൽകിയത്.
കഴിഞ്ഞ നവംബർ 20നാണ് ഷഹ് ല ഷെറിൻ പാന്പുകടിയേറ്റു മരിച്ചത്. തുടർന്ന് അധ്യാപകൻ ഷജിൽ കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നത് വൈകിച്ചു. കുട്ടിക്ക് പരിചരണവും സഹായവും നൽകുന്നതിൽനിന്ന് സഹപ്രവർത്തകരെയും കുട്ടികളെയും പിന്തിരിപ്പിക്കുകയും ചെ യ്തു. കുട്ടിയെ പാന്പു കടിച്ചതാണെന്ന് അറിഞ്ഞിട്ടും ഇത്തരം നടപടി സ്വീകരിച്ചത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവും കുറ്റകരമാണെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനന്റെ മുറിക്കു സമീപമാണ് സംഭവം നടന്നത്. കുട്ടിക്ക് അടിയന്തര ചികിത്സലഭ്യമാക്കാനോ മറ്റുള്ളവരോട് ഇക്കാര്യം നിർദേശിക്കാനോ കെ.കെ. മോഹനൻ നടപടിയെടുത്തില്ലെന്നും സ്റ്റേറ്റ്മെന്റിൽ ആരോപിക്കുന്നു. കുട്ടിക്ക് പാന്പുകടിയേറ്റെന്നറിഞ്ഞിട്ടും ആന്റിവെനം നൽകാതെ വിലയേറിയ ഒരു മണിക്കൂറാണ് ഡോ. ജിസ പാഴാക്കിയതെന്നും സ്റ്റേറ്റ്മെന്റിലുണ്ട്.