തിരുവനന്തപുരം: നവകേരള നിർമിതിക്കായി വിവിധ വിഭാഗങ്ങളിൽ നിന്ന് ആശയങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജ് യൂണിയൻ ഭാരവാഹികളിൽ നിന്നു മുഖ്യമന്ത്രി നേരിട്ട് ആശയങ്ങൾ കേൾക്കാനെത്തിയപ്പോൾ വിദ്യാർഥികൾക്കു പറയാനുണ്ടായിരുന്നത് പരാതികളുടെ പ്രളയം. സർവകലാശാലകളിൽ പരീക്ഷാ നടത്തിപ്പിൽ ഉൾപ്പെടെ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് മുഖ്യമന്ത്രിക്ക് മുന്നിൽ വിദ്യാർഥികൾ അവതരിപ്പിച്ചത്.
മുഖ്യമന്ത്രിയും വിദ്യാർഥികളും തമ്മിലുള്ള സംവാദത്തിൽ മാധ്യമങ്ങൾക്കു പ്രവേശനമുണ്ടായിരുന്നില്ല. വിദ്യാർഥികളുടെ പരാതി പ്രളയം ആയതോടെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി വിദ്യാർഥികളിൽ നിന്ന് ആശയങ്ങൾ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വെട്ടിലായി. ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് കോണ്ക്ലേവ് എന്ന പേരിൽ വെള്ളയന്പലം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയാണ് വിദ്യാർഥികളുടെ പരാതി പ്രളയമായി മാറിയത്.
സംസ്ഥാനത്തെ പല സർവകലാശാലകളിലുമുള്ള പലതരത്തിലുള്ള ഇന്റേണൽ മാർക്ക് മാറി എല്ലാ സർവകലാശാലകളിലും ഒരേ തലത്തിലുള്ള ഇന്റേണൽ മാർക്ക് സന്പ്രദായം നടപ്പാക്കണമെന്ന് ആദ്യം സംസാരിച്ച വിദ്യാർഥി ആവശ്യപ്പെട്ടു. ആരോഗ്യ സർവകലാശാലയിൽ ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർഥികൾ നേരിടുന്ന മാനസിക സംഘർഷത്തെക്കുറിച്ചും പരാതി പറഞ്ഞു.
വിദ്യാർഥികളെ വിലയിരുത്താൻ അധ്യാപകർക്ക് അവസരമുള്ളപോലെ അധ്യാപകരെ വിലയിരുത്താൻ പ്രത്യേക ക്രമീകരണം വേണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അധ്യാപകർക്ക് സ്ഥാനക്കയറ്റവും ശന്പള പരിഷ്കരണവും നടപ്പാക്കാവൂ എന്നും നിർദേശമുണ്ടായി. യാതൊരു മാനദണ്ഡവും പാലിക്കാതെയും സമയക്രമീകരണങ്ങൾ ഇല്ലാതെയുമുള്ള പരീക്ഷാ രീതി വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്നതുമൂലം ഉപരിപഠനത്തിന് ഒരുവർഷം വരെ നഷ്ടമാകുന്ന സ്ഥിതിയുമുണ്ടാകുന്നുവെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു.
തോമസ് വർഗീസ്