കൊച്ചി: ഷെയ്ൻ നിഗത്തിന് ഇതരഭാഷാ സിനിമകളിലും വിലക്ക്. ഷെയ്നിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു സിനിമാ സംഘടനകളുടെ കൂട്ടായ്മയായ ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനു കത്തു നൽകി. നിർമാതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിലാണു ഫിലിം ചേംബറിന്റെ നടപടി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണു വിലക്ക്.
നിർമാതാക്കൾക്കു മനോരോഗമാണെന്ന തരത്തിൽ ഷെയ്ൻ നടത്തിയ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണു സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചത്. ഇതോടെ വിലക്കിയതുമായി ബന്ധപ്പെട്ടു താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചർച്ചകൾ നിർത്തിവച്ചു. ഇരുസംഘടനകളും ഇനി ചർച്ചയ്ക്കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞു.
ഷെയ്ൻ തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചർച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്നു നിർമാതാക്കൾ പറഞ്ഞു. ഷെയ്ൻ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീർപ്പ് ചർച്ചയ്ക്കില്ലെന്ന നിലപാടിലാണു നിർമാതാക്കൾ. സംഘടനകൾ തമ്മിലുള്ള തർക്കം സംഘടനാതലത്തിൽതന്നെ രമ്യമായി പരിഹരിക്കുന്നതിനു പകരം സർക്കാരിനെക്കൂടി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് അമ്മ, ഫെഫ്ക സംഘടനകളുടെ പിൻമാറ്റം എന്നാണു സൂചന.
കഴിഞ്ഞ ദിവസം നടൻ സിദ്ദിഖും ഇടവേള ബാബുവും ഇടപെട്ട് ഷെയ്നുമായി നടത്തിയ ചർച്ചയിൽ താൻ അമ്മയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും അവർ പറയുന്നതനുസരിച്ചു മുന്നോട്ടുനീങ്ങുമെന്നും ഷെയ്ൻ ഉറപ്പു നൽകിയിരുന്നു. എന്നാൽ പുതിയ പ്രസ്താവനയോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞുവെന്നാണു നിർമാതാക്കളുടെ സംഘടന നൽകുന്ന സൂചന.
തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളിൽ പങ്കെടുക്കാനെത്തിയ ഷെയ്ൻ നിർമാതാക്കൾക്കെതിരെ കടുത്ത ഭാഷയിലാണു പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തിൽ മുടങ്ങിക്കിടക്കുന്ന സിനിമകളുടെ നിർമാതാക്കൾക്കുണ്ടായിട്ടുള്ള മനോവിഷമം എങ്ങനെ പരിഹരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണ് എന്നായിരുന്നു ഷെയ്നിന്റെ മറുപടി.