കോട്ടയം: സ്വകാര്യ ബസ് യാത്രക്കാരുടെ പണവും സ്വർണമാലയും മോഷ്്ടിച്ചതിനു പിടിയിലായ തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്തപ്പോൾ രണ്ടു കേസുകൾ തെളിഞ്ഞു. മണർകാട്ട് മാല പൊട്ടിച്ച കേസും സിഎംഎസ് കോളജ് ഭാഗത്തു വച്ച് ബസ് യാത്രക്കാരിയുടെ 50,000രൂപ കവർച്ച ചെയ്ത കേസുമാണ് തെളിഞ്ഞത്. ബസിലെ മോഷണത്തിന് ഇന്നലെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത തമിഴ്നാട് മധുര സ്വദേശികളായ ദിവ്യ (28) തെയ്യമ്മ (48), മകൾ ദിവ്യ (30) എന്നിവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് വെസ്റ്റ് എസ്എച്ച്ഒ എം.ജെ.അരുണ്, എസ്ഐ ടി. ശ്രീജിത് എന്നിവർ അറിയിച്ചു.
പയ്യപ്പാടി, കുമരകം റൂട്ടുകളിൽ സർവീസ് നടത്തുന്ന രണ്ടു ബസുകളിൽ ഇവർ ഇന്നലെ കവർച്ച നടത്തി. യാത്രക്കാരും ബസ് ജീവനക്കാരും ചേർന്നാണ് മോഷ്ടാക്കളെ പിടികൂടി പോലീസിന് കൈമാറിയത്. ഒരു മാസം മുൻപാണ് മണർകാട്ട് സംഘം കവർച്ച നടത്തിയത്. ബസിൽനിന്ന് യാത്രക്കാരിയുടെ മാല തട്ടിയെടുത്ത ശേഷം പുറത്തേക്കു പോയ മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇന്നലെ വെസ്റ്റ് പോലീസ് മോഷ്ടാക്കളെ പിടികൂടിയതറിഞ്ഞ് മണർകാട് പോലീസ് എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ മറ്റൊരു കേസിനും തുന്പുണ്ടായി. ഒന്നര മാസം മുൻപ് കോട്ടയം-കുമരകം ബസിലെ യാത്രക്കാരിയുടെ ബാഗിൽ നിന്ന് അൻപതിനായിരം രൂപ കവർച്ച ചെയ്ത കേസാണ് തെളിഞ്ഞത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതു പരിശോധിച്ചാണ് അറസ്റ്റിലായ പ്രതികളാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായത്.
തമിഴ്നാട്ടിലെ മധുര സ്വദേശികളായ വൻ സംഘം മോഷ്ടാക്കൾ കോട്ടയത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ പുരുഷൻമാരാണ് മോഷണ വസ്തുക്കൾ തമിഴ്നാട്ടിലേക്ക് കടത്തുന്നത്. മോഷണം നടന്നയുടൻ തൊണ്ടി കൈമാറി കടത്തുകയാണ് പതിവ്. അതിനാൽ പ്രതികളെ പിടികൂടിയാലും തൊണ്ടി കിട്ടുകയില്ല.
മോഷണം കുലത്തൊഴിലാക്കിയ ഒരു വിഭാഗമാണ് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തി ബസിൽ കവർച്ച നടത്തുന്നത്. മോഷണ മുതൽ ഉപയോഗിച്ച് ഇവർ വലിയ സന്പന്നതയിലാണ് ജീവിക്കുന്നതെന്ന് തമിഴ്നാട് കോവിൽപ്പെട്ടി പോലീസ് പറയുന്നു. പിടിയിലാകുന്നവർക്കായി പേരുകേട്ട അഭിഭാഷകരെ വച്ച് ജാമ്യം തേടുകയും ചെയ്യും.