ഡൊമനിക് ജോസഫ്
മാന്നാറിന് സ്വന്തമായി ഒരു സൈന്യമുണ്ട്.പേര് മെർറ്റ്.മാന്നാർ എമർജൻസി റെസ്ക്യൂ ടീം എന്നാണ് ഈ സൈന്യത്തിന്റെ പൂർണ്ണമായ പേര്. മാന്നാറിന്റെ ഒരോ ചലനവും മുൻ കൂട്ടി മനസിലാക്കി പ്രവർത്തിക്കുവാൻ ഈ സംഘടനയ്ക്ക് കഴിയുന്നു.നൂറു കണക്കിന് സംഘടനകൾ നാട്ടിൽ ഉണ്ടെങ്കിലും ഇത് വേറെ ലെവലാ. സർക്കാരിന്റെ പ്രധാനപ്പെട്ട ഏജൻസികളെ അടിയന്തര ഘട്ടത്തിൽ സഹായിക്കുകയെന്നാതാണ് പ്രധാന ലക്ഷ്യം.
സംഘടനാ രൂപീകരണം
കഴിഞ്ഞ മഹാപ്രളയത്തിന് ശേഷമാണ് ഇത്തരം ഒരു ആശയം യുവാക്കളിൽ ഉദിച്ചത്. പ്രളയത്തിൽ രാപകൽ വ്യത്യാസമില്ലാതെ കൈ മെയ് മറന്ന് ഒരേ മനസോടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഒരു പറ്റം യുവാക്കൾ മാന്നാറിൽ ഉണ്ടായിരുന്നു.സുഹൃത്തുക്കളായ ഈ യുവാക്കൾ പിന്നീട് കൂടി ആലോചിച്ചണ് മെർറ്റ് എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്.
സ്ഥിരമായ ഒരു സംവിധാനം ഉണ്ടെങ്കിൽ ഏത് ആപത്ഘട്ടങ്ങളിലും സഹായവുമായി ഓടിയെത്തുവാൻ കഴിയുമെന്ന തിരിച്ചറിവും സഹായിക്കുവാൻ ഉള്ള മനസ്സും ഒത്തുചേർന്നപ്പോൾ 25 അംഗങ്ങളുടെ സൈന്യം രൂപപ്പെടുകയായിരുന്നു.2019 ജൂലൈയിലാണ് സംഘടനയെന്ന തലത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
സർക്കാർ ഏജൻസികളായ പോലീസ്, ഫയർ ഫോഴ്സ്, ട്രാഫിക് പോലീസ് എന്നീ സേനകളെ സഹായിക്കുന്നതിനൊപ്പം പഞ്ചായതത്, റവന്യൂ വകുപ്പിന് വേണ്ട സേവനങ്ങൾ നൽകുകയെന്നതുമാണ് പ്രധാന ഉദ്ദേശ ലക്ഷ്യങ്ങൾ. രൂപീകരണത്തിനുശേഷം ആഗസ്റ്റിൽ നടന്ന രണ്ടാമത്തെ ജല പ്രളയത്തിൽ മാന്നാറിനെ രക്ഷിക്കുവാൻ ഈ ടീം ഉണ്ടായിരുന്നു.
ട്രാഫിക് നിയന്ത്രിച്ച് പോലീസിനെ സഹായിച്ചു
ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തും അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചതും ഈ കാലയളവിൽ ഇവർ ചെയ്ത നല്ല പ്രവൃത്തികളാണ്. മാന്നാറിൽ ഏറ്റവും വലിയ ഗതാഗത തിരക്കുള്ള പരുമല പെരുന്നാൾ ദിനങ്ങളിൽ പോലീസിനൊപ്പം നിന്ന് ട്രാഫിക് നിയന്ത്രിക്കുവാൻ ഈ സേന കൂടി എത്തിയതോടെ പോലീസിന്റെ പ്രയാസങ്ങൾ ലഘൂകരിക്കാൻ കഴിഞ്ഞു. ഒടിഞ്ഞ് വീഴുന്ന മരങ്ങൾ മുറിച്ചുമാറ്റുവാനും ഇവർ രംഗത്തുണ്ട്.സംസ്ഥാന പാതയിൽ മാന്നാർ സ്റ്റോർ ജംഗ്ഷന് വടക്ക് വശത്തായി ഒടിഞ്ഞ് വീണ കൂറ്റൻ മരം വെട്ടി മാറ്റുവാൻ ഫയർഫോഴ്സിനെ സഹായിക്കുവാൻ ഒപ്പം ഉണ്ടായിരുന്നത് മാന്നാറിന്റെ ഈ സേനയാണ്.
അപകടങ്ങളിൽ അത്താണിയായി മെർറ്റ്
പരുമല ജംഗഷനഷിൽ ടോറസ് ലോറിക്കടയിൽപ്പെട്ട വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചത് ഈ ടീംമിലെ വനിതാ അഗംമായിരുന്നു. മാന്നാർ മുസ്ലീം പുത്തൻപള്ളിക്ക് സമീപം രാത്രിയിൽ ഉണ്ടായ കാർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുവാനും ഇവരുടെ വീടുകൾ കണ്ടുപിടിച്ച് ബന്ധുക്കളെ രാത്രിയിൽ വിവിരം ധരിപ്പിക്കുവാനും കൂട്ടികൊണ്ടുവരുവാനുമെല്ലാം ഇവരുടെ സഹായം ഉണ്ടായി. വാഹനം തട്ടി രക്തത്തിൽ മുങ്ങി കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ചതും ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
രക്തദാനം മഹാദാനം
അന്പത് പേർക്കാണ് ചെറിയ കാലയളവിൽ ഈ ടീം രക്തം ദാനം ചെയ്തത്. രാജീവ് പരമേശ്വരൻ-രക്ഷാധികാരി,രാജീവ്-പ്രസിഡന്റ്,രഘുധരൻ-വൈസ് പ്രസി,അൻഷാദ്.പി.ജെ-സെക്രട്ടറി,ഫസൽ.കെ.റഷീദ്-ജോ.സെക്ര.,അരുണ്.വി.മോഹൻ-ഖജാൻജി എന്നിവർ ഭാരവാഹികളായുള്ള സേനയാണ് പ്രവർത്തിക്കുന്നത്.വരും കാലങ്ങളിൽ സ്വന്തമായി സൗജന്യ ആംബുലൻസ് സർവ്വീസ് തുടങ്ങുവാനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
24 മണിക്കൂറും സേവനങ്ങൾക്കായി വിളിക്കാവുന്ന മൊബൈൽ നന്പരും ഇവർ പരസ്യപ്പെടുത്തിയിട്ടുണ്ട്.മാന്നാർ സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യുവാണ് ഫോണ് നന്പർ പരസ്യപ്പെടുത്തൽ നടത്തിയത്. 7909101108 എന്നതാണ് ഈ സേനയുടെ ഫോണ്.