മൂവാറ്റുപുഴ: പായിപ്ര സ്കൂൾപടി-കല്ലുപാലം റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. മുൻ എംപി ജോയ്സ് ജോർജ് പിഎംജിഎസ്വൈ പദ്ധതിയിൽപ്പെടുത്തി 2.3 കോടി രൂപ റോഡ് നവീകരണത്തിന് അനുവദിപ്പിച്ചിരുന്നതാണ്. 2.200 കിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത് നവീകരിക്കുന്നതിനാണ് പദ്ധതി നിർദേശിച്ചിരുന്നത്.
റോഡ് നിർമാണം ആരംഭിച്ചതോടെ അപാകതകൾ ചൂണ്ടിക്കാട്ടി പരാതികളുമായി നാട്ടുകാർ രംഗത്തെത്തി. നിലവിൽ ഉണ്ടായിരുന്ന 2.200 കിലോമീറ്റർ റോഡിന്റെ ഒരു കിലോമീറ്റർ ദൂരം മാത്രം ടാറിംഗ് പൂർത്തിയാക്കിയ ശേഷം ബാക്കിവരുന്ന ദൂരം മെറ്റൽ നിരത്തിയിട്ടിരിക്കുകയാണ്. മാസങ്ങളായി നിരത്തിയിട്ടിരിക്കുന്ന മെറ്റൽ ഇളകി കിടക്കുന്നതിനാൽ കാൽനട യാത്രയും വാഹന യാത്രയും ദുസഹമായിരിക്കുകയാണ്.
റോഡ് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകിയതോടെ പരിശോധിക്കാൻ ഡൽഹിയിൽനിന്ന് ഉദ്യോഗസ്ഥർ എത്തിയിരുന്നു. റോഡ് നിർമാണത്തിൽ നടക്കുന്ന അപാകതകളെക്കുറിച്ച് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരുടെ മുന്നിൽ പരാതിയുമായി എത്തുന്നവരോട് അവർ നിസഹായത പുലർത്തുകയാണ്.
പായിപ്ര സ്കൂൾപടിയിൽനിന്ന് ആരംഭിച്ച് കല്ലുപാലം വഴി രായമംഗലം, അശമന്നൂർ, പായിപ്ര പഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ ത്രിവേണിയിൽ എത്തുന്ന റോഡ് ഏകദേശം 30 വർഷങ്ങൾക്കു മുന്പ് നാട്ടുകാരുടെ ശ്രമഫലമായി ഉണ്ടാക്കിയതാണ്. ഭീമൻ ചവുട്ടിപാറ, ഹരിജൻ സെറ്റിൽമെന്റ് കോളനി, ത്രീവേണി യാക്കോബായ പള്ളി, ഐഎൽഎം എൻജിനീയറിംഗ് കോളജ്, കല്ലിൽ ഗുഹാക്ഷേത്രം, ആറളി കാവ്, നെല്ലിമോളം, മരോട്ടിക്കടവ്, കീഴില്ലം, പെരുന്പാവൂർ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയുന്ന റോഡാണ് സഞ്ചാര യോഗ്യമല്ലാതാക്കിയിരിക്കുന്നത്.