പയ്യന്നൂര്‍: ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ പണമുള്‍പ്പെടെ നാലു ലക്ഷം രൂപയും സഹോദരന്റെ കാറുമായി ഭർതൃമതിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയോടൊപ്പം നാടുവിട്ട യുവാവ് റിമാൻഡിൽ. പയ്യന്നൂരെ യുവാവി നെയാണ് പെരിങ്ങോം എസ്ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ജുഡിഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പെരിങ്ങോം പാടിയോട്ടുചാൽ കണ്ടുവാടിയിൽ നിന്ന് കാണാതായ ഭര്‍തൃമതിയായ 23 കാരി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാനാക്കിയ സംഭവത്തിൽ ജുവനൈൽ ആക്ട് പ്രകാരമാണ് രണ്ടാം പ്രതിയാക്കി ഇയാളെ അറസ്റ്റ് ചെയ്തത്.
ഭാര്യയെ കാണ്മാനില്ലെന്ന യുവതിയുടെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ ഇന്നു രാവിലെ പെരിങ്ങോം എസ്ഐയും വനിതാ സിവിൽ പോലീസ് ഓഫീസർമാരായ വിദ്യ, സിന്ധു എന്നിവരടങ്ങിയ സംഘം ഹൈക്കോടതിയിൽ ഹാജരാക്കി.
കോടതി നടപടികൾക്ക് ശേഷം ജുവനൈൽ ആക്ട് പ്രകാരമുള്ള കേസിൽ ഒന്നാം പ്രതിയായി അറസ്റ്റ് രേഖപ്പെടുത്തും.
ഓഗസ്റ്റ് 26നാണ് ഇരുവരെയും കാണാതായത്.യുവാവിനെ കാണാതായത് സംബന്ധിച്ച് സഹോദരന് നല്കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസും യുവതിയെ കാണാതായ സംഭവത്തില്‍ പെരിങ്ങോം പോലീസും കേസെടുത്തിരുന്നു. കോയമ്പത്തൂര്‍ തിരുപ്പൂരില്‍ താമസിച്ചിരുന്ന ഇരുവരും കൊയിലാണ്ടി തിരുവണ്ണൂരിലെത്തി വാടക വീട്ടിൽ കഴിഞ്ഞു വരവേയാണ് പെരിങ്ങോം പോലീസ് ഇവരെ കണ്ടെത്തിയത്.