സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ പുതിയ മേയർ ചുമതലയേറ്റ് മൂന്നുമാസമായിട്ടും പേഴ്സണൽ അസിസ്റ്റന്റിനെ അനുവദിക്കാത്തത് വാർഷിക പദ്ധതി അവലോകനത്തിൽ മന്ത്രി എ.സി. മൊയ്തീനു മുന്നിൽ ഉന്നയിച്ച് കണ്ണൂർ കോർപറേഷൻ അധികൃതർ. മൂന്നുമാസം മുന്‍പാണ് സുമ ബാലകൃഷ്ണൻ മേയറായി കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റത്.
ഇതേതുടർന്ന് രണ്ടര മാസം മുന്‍പ് മേയർക്ക് പുതിയ പിഎയെ നിയമിക്കണമെന്നു കാണിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ ഇതുവരെ ഇക്കാര്യം അംഗീകരിച്ച് കിട്ടിയിരുന്നില്ല. ഇതാണ് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019 – 20 വാര്‍ഷിക പദ്ധതി അവലോകന യോഗത്തിൽ ഉന്നയിച്ചത്.
ട്രഷറി നിയന്ത്രണം പദ്ധതികളുടെ നിർവഹണത്തിന് തിരിച്ചടിയാണെന്ന് ഭരണസമിതി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്പോൾ ആദ്യഘട്ടത്തിൽ ഒഴിവാക്കപ്പെട്ട യോഗ്യരായവരെ കൂടി പരിഗണിക്കണമെന്ന നിർദേശവും ഉയർന്നു. സർവേ ലിസ്റ്റിൽ ഭൂമിയില്ലാത്ത പലരുടെയും കൈവശം ഇപ്പോൾ ഭൂമിയുണ്ട്. ഇവരേയും, നേരത്തെ റേഷൻ കാർഡില്ലാതെ തഴഞ്ഞ, നിലവിൽ കാർഡ് കൈവശമുള്ളവരേയും രണ്ടാം ഘട്ടത്തിൽ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു.
പദ്ധതികൾ നേരത്തെ പൂർത്തിയാക്കിയാലും ഐകെഎം സോഫ്റ്റ്വെയറിൽ മാർച്ച് 31 വരെ പൂർത്തിയായ പദ്ധതികൾ പദ്ധതി പോലെ തന്നെ നിലനിൽക്കുന്നത് ഭരണസമിതി അംഗങ്ങൾക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റം വരുത്തി പൂർത്തിയായ പദ്ധതികളെ ഈ ലിസ്റ്റിൽനിന്നും നീക്കണമെന്ന ആവശ്യവും ഉയർന്നു. കണ്ണൂർ കോർപറേഷന് മൊത്തം പദ്ധതി വിഹിതമായി 28.74 കോടി രൂപയാണ് സർക്കാർ നീക്കിവച്ചത്.
ഇതുവരെ 17.21 കോടി അനുവദിച്ചു. ഇതിൽ 13.53 കോടി രൂപ ഇതിനകം കോർപറേഷൻ ചെലവഴിച്ചു. ഇത് പദ്ധതിയുടെ 36.8 ശതമാനം വരും. പൂർത്തീകരിച്ച പദ്ധതിയുടെ ബില്ല് 2,77,36,401 രൂപ ട്രഷറിയിൽ കെട്ടിക്കിടക്കുകയാണ്. ഇതടക്കം പദ്ധതിയിൽ 47.8 ശതമാനം കോർപറേഷൻ ഇതിനകം ചെലവഴിച്ചു. ഇത് അനുവദിച്ച തുകയുടെ 99.9 ശതമാനം വരുമെന്ന് ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് പറഞ്ഞു.