കൂത്തുപറമ്പ്: വ്യത്യസ്ത ആചാരങ്ങളുടെ പെരുമഴയിൽ കൂത്തുപറമ്പിലൊരു നേപ്പാളി കല്യാണം. വരനും വധുവും തനി നേപ്പാളികൾ.എന്നാൽ ഇവർക്ക് വിവാഹാശംസകൾ നേരാൻ എത്തിയവരിൽ ഏറെയും മലയാളികൾ.
മുപ്പത് വർഷത്തിലേറെയായി കൂത്തുപറമ്പിലെ താമസക്കാരായ ജയരാജ് – കമല ദമ്പതികളുടെ മകൾ തുളസി സുനാറിന്റെ വിവാഹമാണ് ഇന്നലെ ആഘോഷ പൊലിമയോടെ നടന്നത്. മുംബൈയിൽ ടെക്നീഷ്യൻ ആയ നേപ്പാൾ സ്വദേശി ജയാ സിംഗ് ആയിരുന്നു വരൻ.
നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ സിറ്റി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു നേപ്പാൾ ആഘോഷ ചടങ്ങുകളോടെ വിവാഹം നടന്നത്.ചടങ്ങിന് പങ്കാളിയാകാൻ ജയരാജിന്റെ കൂത്തുപറമ്പിലും പരിസരങ്ങളിലുമുള്ള സുഹൃത്തുക്കളായ നിരവധിയാളുകൾ നേരത്തെ തന്നെ എത്തിയിരുന്നു.
പാട്ടും മേളവും നൃത്തച്ചുവടുകളുമായി ആനയിച്ചുകൊണ്ടായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും വരനെ വിവാഹ വേദിയിലേക്ക് എത്തിച്ചത്. കഴുത്തിൽ നോട്ടുമാലയും അലങ്കാര മാലയും തലയിൽ തൊപ്പിയും ധരിച്ച വേഷത്തിലായിരുന്നു വരൻ.വാഹനത്തിൽ നിന്ന് ഇറങ്ങിയ വരനെ പിന്നെ തോളിലേറ്റിക്കൊണ്ടായിരുന്നു വേദിക്കരികിലേക്ക് എത്തിച്ചത്.
അപ്പോഴേക്കും വരനെ സ്വീകരിക്കാൻ പൂർണകുംഭങ്ങളുമായി പെൺകുട്ടികളും വരന്റെ ബന്ധുക്കളും റെഡി.പിന്നെ മുതിർന്നവരുടെ വകയായി വരനെഷൂസണിയിക്കുന്നതും നെറ്റിയിൽ കുറി വരക്കുന്നതുമൊക്കെയായി വ്യത്യസ്തമായ ആചാരങ്ങൾ വേറെയും.
ഇതിനു ശേഷമായിരുന്നു വേദിയിലെ വിവാഹ ചടങ്ങുകൾ. വേഷങ്ങളിലും ആചാരങ്ങളിലും ഒട്ടും മലയാളി തനിമയില്ലാതെയായിരുന്നു വിവാഹമെങ്കിലും ഇവർക്ക് ആശംസകൾ നേരാൻ ഏറെ മലയാളികളാണെത്തിയത്. മുപ്പത് വർഷത്തിലേറെ സ്റ്റേഡിയത്തിന് സമീപത്തെ സ്ഥപനത്തിലെ ജീവനക്കാരനാണ് വധുവിന്റെ അച്ഛൻ ജയരാജൻ. അതിനാൽ സുഹൃത്തുക്കളായവരെയൊക്കെയും ക്ഷണിച്ചിരുന്നു.
ആചാര വൈവിധ്യം കൊണ്ട് സമ്പുഷ്ടമായ നാട്ടിൽ മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങളെ എത്രമാത്രം മാനിക്കുന്നുവെന്നതിന്റെ നേർസാക്ഷ്യമായി മാറിയിരിക്കുകയാണ് കൂത്തുപറമ്പിൽ നടന്ന നേപ്പാളി കല്യാണം.ചടങ്ങുകൾക്ക് ശേഷം സദ്യ കൂടി കഴിച്ചപ്പോൾ എല്ലാവർക്കും ഒരേ അഭിപ്രായം വിവാഹം അതിഗംഭീരമെന്ന്.