തുറവൂർ: അനധികൃത ഇരുചക്ര വാഹന പാർക്കിംഗിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. തുറവൂർ കവലയ്ക്ക് തെക്ക് ഭാഗത്തെ കാത്തുനിൽപുപുരയ്ക്ക് സമീപം പുലർച്ചെ മുതൽ രാത്രി വരെ നിന്നു തിരിയാനിടമില്ലാത്ത വിധം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വ്യാപാരികൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഉയർന്ന പരാതികളുടേയും മാധ്യമ വാർത്തകളുടേയും അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നടപടി.
ആദ്യഘട്ടത്തിൽ പാതയോരത്ത് അനധികൃതമായി പാർക്ക് ചെയ്തിട്ടുള്ള ഇരുചക്രവാഹനങ്ങളുടെ നന്പറുകൾ ശേഖരിച്ച് ഉടമകൾക്ക് പിഴ ചുമത്തും. ആദ്യം ഇരുനൂറ്റിഅൻപത് രൂപയും ആവർത്തിച്ചാൽ 500 രൂപയും പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. വരും ദിവസങ്ങളിലും കർശനമായ തുടർപരിശോധനകൾ നടത്തുമെന്നും പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു ശാശ്വതപരിഹാരം ഉണ്ടാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.