കായംകുളം: കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ദൗർലഭ്യം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു. പ്രതിഭ എംഎൽഎ ജില്ലാ കളക്ടർക്ക് കത്ത് നൽകി. മണിവേലിക്കടവ് പ്രദേശത്ത് വാട്ടർ അഥോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഉപ്പുവെള്ളം ലഭിക്കുന്നു എന്ന പരാതിയെ തുടർന്ന്, പരാതി പരിഹാരത്തിനായി മണിവേലിക്കടവ് പന്പ് ഹൗസ് അടച്ച സാഹചര്യത്തിലാണ് കണ്ടല്ലൂർ പഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡുകളിൽ കുടിവെള്ള ദൗർലഭ്യം നേരിട്ടത്.
ഈ പ്രദേശങ്ങളിൽ അടിയന്തിരമായി കുടിവെള്ളം എത്തിക്കുന്നതിന് കേരള ഫയർ സർവീസ് വകുപ്പിന്റെ കോട്ടയം റീജണൽ ഫയർ ഓഫീസർക്കും എംഎൽഎ കത്ത് നൽകി. പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി കണ്ടല്ലൂർ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗം കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകണമെന്നും എംഎൽഎ കളക്ടറോട് ആവശ്യപ്പെട്ടു.