പയ്യന്നൂര്‍: കുട്ടിയെ അങ്കൺവാടിയിലാക്കി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ ജുവനൈല്‍ ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.പെരിങ്ങോം പാടിയോട്ട്ചാല്‍ സ്വദേശിനിയെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.യുവതിയെ ഇന്ന് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കാമുകനോടൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് കൊയിലാണ്ടി തിരുവണ്ണൂരിലെ വാടക വീട്ടില്‍നിന്നും പെരിങ്ങോം പോലീസാണ് കഴിഞ്ഞ ദിവസം ഇരുവരേയും കണ്ടെത്തിയത്. ഭാര്യയെ കാണ്മാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. കോടതിയുടെ ഇടപെടലുണ്ടായതിനെ തുടര്‍ന്ന് യുവതിയെ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.
നടപടികള്‍ തുടരാന്‍ പോലീസിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ യുവതിയെ ജുവനൈല്‍ ആക്ട് പ്രകാരം ഒന്നാം പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്തത്.ഇതിനിടയില്‍ ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് യുവതിയെ പോലീസ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്ന യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ച് യുവതി കടന്നുകളയാനിടയാക്കിയ സംഭവത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരം രണ്ടാം പ്രതിയാക്കി അറസ്റ്റിലായ പയ്യന്നൂർ സ്വദേശിയായ കാമുകനെ കോടതി റിമാൻഡ് ചെയ്തിരുന്നു.