അഞ്ചൽ: പുനലൂർ മേഖലയിൽ വാഹനപരിശോധന കർശനമാക്കി.യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസില്‍ ഫോണ്‍ വിളിച്ച് ഡ്രൈവിംഗ് നടത്തിയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയെടുത്തു. കുളത്തൂപ്പുഴ- കൊല്ലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ വെളിനല്ലൂർ സ്വദേശി മനോജിന്റെ ലൈസന്‍സാണ് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയത്. ലൈസന്‍സ് റദ്ദ് ചെയ്യല്‍ നടപടിക്കായി പുനലൂര്‍ ജോയിന്റ് ആര്‍ടിഒക്ക് സമര്‍പ്പിച്ചതായി പുനലൂർ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ കരന് പറഞ്ഞു.
പുനലൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ ഇരുനൂറോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുക, ലൈസന് ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയതില്‍ ഏറെയും. ലൈസൻസില്ലാതെ വാഹനം ഓടിച്ച മുപ്പതോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി അടക്കം മൂന്ന് ബസുകളുടെ ഫിറ്റ്നസ് റദ്ദ് ചെയ്തിട്ടുണ്ട്.
മൂന്നാം കണ്ണ് സംവിധാനത്തിൽ വിവിധ ട്രാഫിക്ക് ലംഘനങ്ങൾ നടത്തിയ ഇരുനൂറോളം പേരുടെ ചിത്രങ്ങൾ പകർത്തുകയും ഇവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളിൽ നിന്നും വിനോദ സഞ്ചാരത്തിന് പോകുന്ന ടൂറിസ്റ്റ് ബസുകൾ ജി.പി.എസ്സ് സംവിധാനത്തിലൂടെ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു.
അമിത വെളിച്ചം അടിപ്പിക്കുന്ന അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകും. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി പരിശോധന തുടരുമെന്നും വിവിധ സ്കൂൾ, കോളേജുകളിലെ എന്‍ എസ് എസ് യൂണിറ്റുകളുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാത്രിയിൽ ദീർഘദൂരം സഞ്ചരിക്കുന്ന തീർത്ഥാടക വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനത്തിലെ ഡ്രൈവർമാർക്ക് ചുക്ക് കാപ്പിവിതരണവും സംഘടിപ്പിക്കുന്നുണ്ടെന്ന് പുനലൂർ ജോയിന്റ് ആർ.ടി.ഒ സുരേഷ് കുമാർ അറിയിച്ചു.