കണ്ണൂർ: ഇത്രയും അധികം സ്ത്രീ പീഡനം നടന്ന ഒരു കാലഘട്ടം സംസ്ഥാന ചരിത്രത്തിലിന്നുവരെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. രാജ്യത്തെ വിഭജിക്കാനായി കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വബില്ലിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചും യുഡിഎഫ് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാർ അധികാരത്തിലേറിയതിനു ശേഷം സമാനതകളില്ലാത്ത പീഡന പരന്പരകളാണ് സംസ്ഥാനത്ത് നടക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സാഹചര്യം കേരളം അഭിമുഖീകരിക്കുന്ന ഭയാനാകമായ സാഹചര്യം തന്നെയാണ്.
വാളയാറിലെ കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയവർ ഒരു പോറലുമേൽക്കാതെ തല ഉയർത്തി സമൂഹത്തിൽ നിവർന്നു നടക്കുന്നു. പിണറായി സർക്കാർ ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പം നിന്ന് അവർക്ക് എല്ലാ സൗകര്യവും ചെയ്യുകയാണെന്നതിന്റെ തെളിവാണിത്.
ഈ സർക്കാർ ഭരണത്തിലേറിയതു മുതൽ കേരളത്തിൽ പീഡന പരന്പരകളും ആരംഭിച്ചു. നിരന്തരം പോക്സോ കേസുകളിൽ ഇടപെട്ട് പ്രതികൾക്കായി ഹാജരാവുന്ന അഭിഭാഷകൻ ചെൽഡ് വെൽഫെയർ കമ്മിറ്റിയുടെ വക്താവായി മാറുന്നതും ഇവിടുത്തെ കാഴ്ചയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഇവിടെ രക്ഷയില്ലാതായി.
കത്തിക്കുത്ത് കേസിലെ പ്രതിയും കോപ്പിയടിക്കാരും പിഎസ് സി പരീക്ഷകളില് ഒന്നാം റാങ്കുകാരായി മാറി പോലീസ് സേനയിലെത്തുകയാണ്. സിപിഎമ്മുകാരും എസ്എഫ്ഐക്കാരും പോലീസിൽ പിൻവാതിലിലൂടെ നുഴഞ്ഞു കയറി പിണറായി വിജയന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്പോൾ എങ്ങിനെ നീതി പുലരുമെന്നും എം.കെ. മുനീർ ചോദിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാന് പ്രഫ. എ.ഡി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, മേയർ സുമാ ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ, പി.ടി. ജോസ്, വി.എ. അബ്ദുൾഖാദർ മൗലവി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുൾ കരീം ചേലേരി, ഇല്ലിക്കൽ അഗസ്തി, സി.എ. അജീർ, വി.എ. നാരായണൻ എന്നിവർ പ്രസംഗിച്ചു.