സ്വന്തം ലേഖകന്‍
മുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ എരഞ്ഞിമാവിന് സമീപം നാട്ടുകാര്‍ സുര എന്ന് വിളിക്കുന്ന കെ.കെ. സുരേഷിന്റെ ഏക ഉപജീവന മാര്‍ഗമായ ചായക്കടയില്‍ രണ്ടാഴ്ച മുന്‍പുവരെ വൈകുന്നേരങ്ങളില്‍ തിരക്കായിരുന്നു. സുരേഷ് രാവിലെമുതല്‍ കട തുറക്കാറുണ്ടെങ്കിലും വൈകുന്നേരത്തോടെയാണ് ഇവിടെ തിരക്ക് വര്‍ധിക്കുന്നത്. ഉള്ളിവടയും പരിപ്പുവടയും പക്കവടയുമാണ് സുരേഷിന്റെ കടയിലെ പ്രധാന വിഭവങ്ങള്‍.
കടയില്‍ വന്നു കഴിക്കുന്നവരും വീട്ടിലേക്ക് വാങ്ങിച്ചുകൊണ്ടു പോകുന്നവരും സുരേഷിന്റെ കടയിലെ നിത്യസന്ദര്‍ശകരായി. എന്നാല്‍ രണ്ടാഴ്ചയ്ക്കിപ്പുറം സ്ഥിതിയാകെ മാറി. വൈകുന്നേരങ്ങളില്‍ സുരേഷിന്റെ കടയില്‍ ആളുകളെ കാണാതായി. മേല്‍പ്പറഞ്ഞ പലഹാരങ്ങള്‍ ഒന്നും സുരേഷിന് ഉണ്ടാക്കാന്‍ കഴിയില്ല. മറ്റൊന്നും കൊണ്ടല്ല.
അവശ്യസാധനങ്ങളുടെ വില കൂടുതല്‍ കൊണ്ടു തന്നെ . പരിപ്പിനും, ഓയിലിനും , മുട്ടയ്ക്കും വില കൂടി . പിന്നെ സുരേഷിന്റെ വിഭവങ്ങള്‍ക്ക് വേണ്ട പ്രധാന ഇനമായ ഉള്ളിക്ക് ആണെങ്കില്‍ തീ വില. വിലപിടിപ്പുള്ള ഈ സാധനങ്ങളെല്ലാം വാങ്ങി പലഹാരം ഉണ്ടാക്കി നിലവിലെ വിലയ്ക്ക് വിറ്റാല്‍ രണ്ടുദിവസംകൊണ്ട് പൂട്ടി വീട്ടില്‍ ഇരിക്കേണ്ടി വരുമെന്ന ആശങ്കയിലാണിപ്പോൾ സുരേഷ് .