മുക്കം: കാരശേരി ഗ്രാമപഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിൽ കണ്ടെത്തിയത് സോയിൽ പൈപ്പിംഗ്പ്രതിഭാസമല്ലെന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്.നേരത്തെ നടത്തിയ സംയുക്ത പരിശോധനയെ തുടർന്ന് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിനെ തള്ളുന്നതാണ് പുതിയ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ കൊല്ലേലത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജില്ലാ ജിയോളജിസ്റ്റിനെതിരെ പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് പ്രളയം കൊടുമ്പിരി കൊള്ളുന്ന സെപ്റ്റംബർ മാസത്തിലാണ് കുമാരനെല്ലൂർ വില്ലേജിൽപെട്ട പൈക്കാടൻമലയിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയത്. ഉടൻ തന്നെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്ത് പഠനം നടത്തുകയും ചെയ്തു. സിഡബ്ല്യുആർഡിഎം, ജിയോളജി വകുപ്പ്, സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവർ സംയുക്തമായി പരിശോധന നടത്തുകയും ഈ പ്രതിഭാസം സോയിൽ പൈപ്പിംഗ് തന്നെയാണെന്ന് ഈ വിദഗ്ധസംഘം ജില്ലാ കളക്ടർക്ക് റിപോർട്ട് സമർപ്പിക്കുകയും ചെയ്തു .
സിഡബ്ല്യുആർഡിഎം സീനിയർ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഡോ. ദിനേശന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നടത്തിയ പഠനറിപോർട്ടാണ് കളക്ടർക്ക് സമർപ്പിച്ചത്. പ്രദേശത്ത് സോയിൽ പൈപ്പിംഗ് പ്രതിഭാസം അതീവ ഗുരുതരമാണെന്നും പ്രതിഭാസം തുടരുന്ന സാഹചര്യത്തിൽ കനത്തമഴ ഉണ്ടാവുന്ന സമയത്ത് സമീപ വാസികളെ മാറ്റിപ്പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു .ഈ റിപ്പോർട്ടിനെ മറികടന്നാണ് ഇപ്പോൾ ജിയോളജിസ്റ്റ് സോയിൽ പൈപ്പിംഗ് പ്രതിഭാസമല്ലന്ന് പറയുന്നത്. ഇത് ക്വാറി മാഫിയയെ സഹായിക്കാൻ വേണ്ടിയാണന്ന് ബാലകൃഷ്ണൻ പറഞ്ഞു.
റിപ്പോർട്ട് അട്ടിമറിച്ചതിൽ ജില്ലാ കളക്ടർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബാലകൃഷ്ണൻ കൊല്ലേലത്ത് പാട്ടത്തിനെടുത്ത കൃഷി സ്ഥലത്താണ് അഞ്ച് ഭാഗങ്ങളിൽ പ്രതിഭാസമുണ്ടായത്. സംഭവത്തെ തുടർന്ന് തോട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂളിലേക്കും ബന്ധു വീട്ടുകളിലേക്കും 12 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. മണ്ണിനടിയിൽ നിന്ന് മണലും ചീടിയും ഉൾപ്പെടെ പൊങ്ങി വരുന്ന അവസ്ഥയാണ് സോയിൽ പൈപ്പിംഗ് പ്രതിഭാസം.