സ്വന്തം ലേഖകൻ
തൃശൂർ: കാത്തിരിപ്പുകൾക്കൊടുവിൽ ആഘോഷത്തിന്റെയും ആവേശത്തിന്റെയും മാമാങ്കത്തോടെ ലോകത്തെ രണ്ടായിരത്തിലധികം സ്ക്രീനുകളിൽ മാമാങ്കം തുടങ്ങി. 45 രാജ്യങ്ങളിലായി രണ്ടായിരത്തിൽ പരം സ്ക്രീനുകളിൽ രാവിലെ തന്നെ മാമാങ്കത്തിന്റെ ആർപ്പുവിളികൾ തുടങ്ങിയിരുന്നു.തൃശൂർ നഗരത്തിലും മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരടക്കമുള്ളവർ അതിരാവിലെ തന്നെ തീയറ്ററുകളിലെത്തി മാമാങ്കത്തിന്റെ വരവ് ആഘോഷപൂർവം കൊണ്ടാടി. ആട്ടവും പാട്ടുമൊക്കെയായാണ് മാമാങ്കത്തെ ലോകമെങ്ങും വരവേറ്റത്.
ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീയറ്ററുകളിലെത്തിയ മാമാങ്കം മമ്മൂട്ടിയുടെ ആരാധകരെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്തുന്ന കിടിലൻ ചിത്രമാണെന്നാണ് ആദ്യ തീയറ്റർ റിപ്പോർട്ടുകൾ. തൃശൂർ രാഗം തീയറ്ററിൽ ഇന്നു രാത്രി ഒന്നിന് സ്പെഷ്യൽ ഷോ ഉണ്ട്.രാവിലെ പത്തിന് ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കും ഭാരവാഹികൾക്കുമുള്ള പ്രത്യേക ഷോ ആയിരുന്നു. രണ്ടേമുക്കാൽ മണിക്കൂറിലധികമാണ് ചിത്രത്തിന്റെ ദൈർഘ്യം.
മാമാങ്കത്തിന്റെ ആദ്യ പ്രീമിയർ ഷോ നടന്ന ഓസ്ട്രേലിയയിൽ നിന്ന് ഗംഭീര റിപ്പോർട്ടാണ് വന്നത്. കേരളത്തിൽ ഷോ തുടങ്ങുന്നതിനും മുൻപേ തന്നെ ഓസ്ട്രേലിയൻ പ്രീമിയർ ഷോ റിപ്പോർട്ട് വന്നത് ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി.55 കോടിയോളം മുതൽമുടക്കിൽ എം.പദ്മകുമാർ ആണ് മാമാങ്കം സംവിധാനം ചെയ്തിരിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമിച്ച മാമാങ്കത്തിന് ശങ്കർ രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കിയത്.
മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്ലൻ, കനിഹ, അനുസിതാര, ഇനിയ, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, സുദേവ് നായർ, നീരജ് മാധവ് എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തുന്നുണ്ട്.കേരളത്തിൽ നാനൂറോളം തീയറ്ററുകളിലാണ് മാമാങ്കം പ്രദർശിപ്പിക്കുന്നത്. പലയിടത്തും വരും ദിവസങ്ങളിലേക്കുള്ള അഡ്വാൻസ് ബുക്കിംഗ് അവസാനിച്ചു കഴിഞ്ഞു.