സ്വന്തം ലേഖകൻ
തൃശൂർ: നഗരം കാത്തിരിക്കുന്ന നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഹാപ്പി ഡേയ്സിൽ ഹാപ്പിയായി റോഡു മുറിച്ചു കടക്കാൻ പുതിയ സബ് വേ തുറന്നു കൊടുത്തു. നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമ്മാനമായാണ് എം.ഒ.റോഡിലെ പുതിയ സബ് വേ നഗരത്തിലെത്തുന്നവർക്ക് ലഭിച്ചിരിക്കുന്നത്.
ഏറെ കാത്തിരിപ്പുകൾക്കൊടുവിലാണ് തൃശൂർ നഗരത്തിലെ മൂന്നാമത്തെ സബ് വേ തുറന്നുകൊടുത്തത്. ബസുകളും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളുമടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എം.ഒ.റോഡിൽ റോഡു മുറിച്ചു കടക്കുകയെന്നത് കാൽനടയാത്രക്കാർക്ക് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു.
സീബ്രലൈനുകളും ഗതാഗതം നിയന്ത്രിക്കാൻ പോലീസുമൊക്കെയുണ്ടെങ്കിലും കാൽനടയാത്രക്കാർ നിരന്തരമായി എം.ഒ.റോഡിൽ അങ്ങോട്ടുമിങ്ങോട്ടും റോഡു മുറിച്ചു കടക്കുന്നതിനാൽ ഈ സംവിധാനങ്ങളും സജ്ജീകരണങ്ങളുമെല്ലാം അപര്യാപ്തമായിരുന്നു. എം.ഒ.റോഡിൽ സബ് വേ വേണമെന്ന ആവശ്യം വ്യാപകമായിരുന്നു.
ഇക്കഴിഞ്ഞ തൃശൂർ പൂരത്തിന് സമ്മാനമായി സബ് വേ തുറന്നുകൊടുക്കുമെന്നാണ് മേയർ പ്രഖ്യാപിച്ചിരുന്നതെങ്കിലും പല കാരണങ്ങൾ മൂലം പണികൾ അനന്തമായി വൈകിയതോടെ സബ് വേ തുറന്നുകൊടുക്കലും വൈകി. താൻ സ്ഥാനമൊഴിയുന്നതിന് മുൻപ് എന്തായാലും സബ് വേ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മേയർ അജിത വിജയൻ ഉറച്ച നിലപാടെടുത്തതോടെ പണികൾ ദ്രുതഗതിയിലാവുകയും സബ് വേ മേയർ രാജി വെക്കുന്ന ദിവസം തന്നെ തുറന്നുകൊടുക്കാൻ തീരുമാനിക്കുകയുമായിരുന്നു.