പാലക്കാട്: ഡാമുകളിലെ സംഭരണശേഷി പതിനഞ്ചുശതമാനം കുറയുന്നതായി വിദഗ്ദ്ധസമിതിയുടെ പഠന റിപ്പോർട്ട്. കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൂഷ്മമായ പഠനത്തിൽ ഡാമുകളിൽ ചെളിക്കു താഴെ നാല്പതുശതമാനം മണൽ അടങ്ങിയിട്ടുണ്ടെന്നും ഇത് ഖനനം ചെയ്തു ശുദ്ധീകരിച്ചെടുത്താൽ ഡാമുകളുടെ സംഭരണശേഷി വർധിക്കുകയും മണൽക്ഷാമം പരിഹരിക്കാനുമാകും. ഒപ്പം കൃഷിക്കാവശ്യമായ ജലവും ലഭ്യമാകും.
ഇതിനു നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു ഡാമുകളിലേക്ക് സമരം നടത്തുന്നതിനും മണൽവാരി പ്രതിക്ഷേധിക്കാനും യോഗം തീരുമാനിച്ചു. മലന്പുഴഡാമിൽ 15ന് നടക്കുന്ന സമരം ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി, മണ്ണാർക്കാട്, മലന്പുഴ, പുതുശേരി, പാലക്കാട് എന്നീ ഏരിയാ കമ്മിറ്റികളിൽനിന്നും പങ്കെടുക്കുന്ന തൊഴിലാളികൾ മലന്പുഴ ഫാന്റസി പാർക്ക് പരിസരത്ത് കേന്ദ്രീകരിക്കണം.
ചുള്ളിയാർ ഡാമിൽ 15ന് നടക്കുന്ന സമരം സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്യും. വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം, കൊല്ലങ്കോട്, ചിറ്റൂർ എന്നീ ഏരിയാ കമ്മിറ്റികളിൽനിന്നും പങ്കെടുക്കുന്ന തൊഴിലാളികൾ ഡാം പരിസരത്തുള്ള കിണത്തുമൊക്ക് എന്ന സ്ഥലത്ത് കേന്ദ്രീകരിക്കണം.
ഭാരതപ്പുഴയിൽ 16ന് നടക്കുന്ന സമരം പി.കെ.ശശി എംഎൽഎ ഉദ്ഘാടനം ചെയ്യും. തൃത്താല, ശ്രീകൃഷ്ണപുരം, ചെർപ്പുളശേരി, ഒറ്റപ്പാലം, പട്ടാന്പി ഏരിയാ കമ്മിറ്റികളിൽനിന്നും പങ്കെടുക്കുന്ന തൊഴിലാളികൾ കണ്ണിയംപുറം സെന്ററിൽ കേന്ദ്രീകരിച്ച് പൂനംപുള്ളി കടവിലേക്ക് മാർച്ച് ചെയ്യണം.
രാവിലെ 10ന് തുടങ്ങുന്ന സമരത്തിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് കണ്സ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സമരസമിതി ആവശ്യപ്പെട്ടു.