വായ് വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലെന്ന പഴമൊഴി അക്ഷരാർഥത്തിൽ അനുഭവിച്ചറിഞ്ഞിരിക്കുകയാണ് തെന്നിന്ത്യൻ താരവും സംവിധായകനും നർത്തകനുമായ രാഘവ ലോറൻസ്. കുട്ടിക്കാലത്ത് കമൽഹാസന്റെ പോസ്റ്ററുകളിൽ ചാണകമെറിയുമായിരുന്നുവെന്ന് രാഘവ ലോറൻസ് പറഞ്ഞതാണ് വിവാദമായത്.
ഡിസംബർ 7ന് ചെന്നൈയിൽ രജനീകാന്തിന്റെ പുതിയ ചിത്രമായ ദർബാറിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് കടുത്ത രജനീകാന്ത് ആരാധകനായ രാഘവ ലോറൻസ് വിവാദ പ്രസ്താവന നടത്തിയത്. രജനീകാന്തിന്റെ ആരാധകനായ താൻ കുട്ടിക്കാലത്ത് കമൽഹാസന്റെ പോസ്റ്ററുകൾ നശിപ്പിക്കുമായിരുന്നവെന്ന് പറഞ്ഞതിനെത്തുടർന്ന് കമൽഹാസൻ ആരാധകർ രാഘവ ലോറൻസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ചടങ്ങിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ കമൽ ആരാധകർ ലോറൻസിനെതിരെ വിമർശനം ചൊരിയുകയാണ്. അതേസമയം താൻ തെറ്റായൊന്നും പറഞ്ഞില്ലെന്നും വീഡിയോ മുഴുവൻ കണ്ടാൽ അതു മനസിലാകുമെന്നും രാഘവ ലോറൻസ് പറയുന്നു.
സിനിമയെപ്പറ്റി കുട്ടിക്കാലത്ത് വലിയ അറിവില്ലായിരുന്നുവെന്നും രജനീകാന്തിനോടുള്ള ആരാധനയിൽ അന്നങ്ങനെയൊക്കെ കാട്ടിക്കൂട്ടിയെങ്കിലും പിന്നീട് സിനിമാ ലോകത്ത് കമലും രജനിയും കൈകോർത്ത് നീങ്ങുന്നതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയെന്നും താരം പറയുന്നു.
താൻ തെറ്റായിട്ടെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പു പറയാൻ മടിയില്ലെന്നും രാഘവ ലോറൻസ് ട്വിറ്ററിൽ കുറിച്ചു.