കലിഫോർണിയ: കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും അമേരിക്കയിൽ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളെ പ്രതികാത്മകമായി ചിത്രീകരിക്കുന്നതിനു സാധാരണ ക്രിസ്മസിനോടനുബന്ധിച്ച് അലങ്കരിക്കുന്ന നാറ്റിവിറ്റി സീനിൽ ഉണ്ണിയേശുവിനേയും മാതാപിതാക്കളേയും വെവേറെ ഇരുന്പ് കൂട്ടിലിട്ടടച്ചു അസാധാരണ പ്രതിഷേധത്തിനു കലിഫോർണിയ ക്ലെയർ മോണ്ട് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് പരിസരം വേദിയായി.
ഇവർ മൂവരും ഞങ്ങളുടെ വിശുദ്ധ കുടുംബമാണ്. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരുമാണ്. മറ്റുള്ളവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരാണ്. ഇരുന്പ് കൂടിനു മുന്പിൽ നിന്നുകൊണ്ടു റവ. കേരണ്‍ ക്ലാർക്ക് പ്രഖ്യാപിച്ചു.
അമേരിക്കയിൽ അഭയംതേടി അതിർത്തി പ്രദേശത്ത് തന്പടിച്ചിരിക്കുന്ന ആയിരക്കണക്കിനാളുകളെ പരസ്പരം തമ്മിലകറ്റി കുടുംബ ബന്ധങ്ങൾ താറുമാറാക്കുന്പോൾ അതിനെതിരെ പ്രതിഷേധിക്കുന്നതു ഞങ്ങളുടെ കർത്തവ്യമായി കാണണം കേരണ്‍ പറഞ്ഞു. നൂറുകണക്കിനു അഭയാർഥികൾക്ക് സംരക്ഷണം നൽകിയിരുന്ന ദേവാലയമാണ് മെത്തഡിസ്റ്റ് ചർച്ച്.
ക്രിസ്തുവിന്റെ ജനനശേഷം ഉണ്ണിയേശുവിനേയും കൂട്ടി മാതാപിതാക്കൾ ഹെരോദാവിനെ പേടിച്ചു ഈജിപ്റ്റിലേക്ക് പാലായനം ചെയ്തപ്പോൾ അവർക്ക് അവിടെ അഭയം ലഭിച്ചിരുന്നു. ഈ കുടുംബം ഇപ്പോൾ അമേരിക്കയിൽ എത്തിയിരുന്നുവെങ്കിൽ അവരുടെ സ്ഥിതി എന്താകുമായിരുന്നു എന്നു പാസ്റ്റർ കേരണ്‍ ചോദിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ