കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. രാമപുരം പൂവക്കുളം കാരമല നടുവിലേടത്ത് ബാലകൃഷ്ണനെ(53)യാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണം.
2012 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പള്ളിയിലേക്കു പോകുന്നതിനായി വീട്ടിൽനിന്നും ഇറങ്ങുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷയിൽ എത്തിയ ബാലകൃഷ്ണൻ കുട്ടിയെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായാണു പരാതി.
ഇതിനുശേഷം വീട്ടിൽപോയ കുട്ടി ഈ കാര്യങ്ങളൊന്നും ആരോടും പറഞ്ഞിരുന്നില്ല. തുടർന്ന് സ്കൂളിൽ എത്തിയ കുട്ടി, തിരികെ വീട്ടിലേക്കു പോരാൻ ഓട്ടോറിക്ഷയിൽ കയറാതെ വരികയും, അസ്വാഭാവികമായ രീതിയിൽ ബഹളം വയ്ക്കുകയും ചെയ്തു.
ഇതേ തുടർന്ന് അധ്യാപകർ വിവരം ചോദിച്ചതോടെയാണു കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് 2012ൽ നിലവിൽ വന്നിരുന്നില്ല. ആയതിനാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 വകുപ്പ് അനുസരിച്ച് ബലാത്സംഗത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു. 15 പ്രമാണങ്ങളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ. പുഷ്കരൻ കോടതിയിൽ ഹാജരായി.