കൊച്ചി: കൊച്ചി നഗരത്തിലെ കുഴികൾ അടയ്ക്കുന്നതിൽ സർക്കാർ വകുപ്പുകൾ കാണിക്കുന്ന അലംഭാവത്തിൽ ഒരു യുവാവിന്റെ കൂടി ജീവൻ പൊലിഞ്ഞു. നവംബർ 15നകം കൊച്ചി നഗരത്തിലെ റോഡുകൾ നന്നാക്കണമെന്ന ഹൈക്കോടതി വിധിപോലും പാലിക്കാത്ത വകുപ്പുകളുടെ അനാസ്ഥയിൽ ദുരന്തങ്ങളും യാത്രാദുരിതവും തുടർന്നുകൊണ്ടിരിക്കുന്നു. കുഴികൾ അടയ്ക്കുന്നതിനെച്ചൊല്ലി പൊതുമരാമത്ത് വകുപ്പും വാട്ടർ അഥോറിട്ടിയും തമ്മിലുള്ള തർക്കങ്ങളും അതിനിടെ നടക്കുന്നു.
ആവർത്തിക്കുന്ന അപകടങ്ങളും ദാരുണമരണങ്ങളും ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നില്ല. ഇന്നലെ പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രികനായ യുവാവ് മരിക്കാനിടയായത് അധികൃതരുടെ കടുത്ത അനാസ്ഥ കാരണമാണ്. എട്ടു മാസത്തോളം കുഴി അങ്ങനെതന്നെ കിടന്നിട്ടും അടയ്ക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല.
വാട്ടർ അഥോറിട്ടിയുടെ പൈപ്പ് പൊട്ടിയാണ് അവിടെ കുഴിയുണ്ടായത്. പൈപ്പ് നന്നാക്കാൻ റോഡ് കുഴിക്കുന്നതിനായി പിഡബ്ല്യുഡിയുടെ അനുമതി തേടിയെങ്കിലും നൽകിയില്ല. വലിയ തുക നഷ്ടപരിഹാരമായി വേണമെന്നു പിഡബ്ല്യുഡി അധികൃതർ വാശിപിടിച്ചു. ഇതേത്തുടർന്നു കുഴിയടയ്ക്കൽ നടന്നില്ല.
അശാസ്ത്രീയമായ രീതിയിലായിരുന്ന കുഴിയുടെ മുകളിൽ ബോർഡ് വച്ചിരുന്നത്. വാഹനങ്ങൾ ഇടതടവില്ലാതെ നീങ്ങുന്ന റോഡിൽ കുഴിയുടെ അടുത്തെത്തുന്പോൾ മാത്രമേ ഇരുചക്രവാഹന യാത്രക്കാർക്കു കുഴി കാണാൻ കഴിയൂ. കുഴി മുന്നിൽ കണ്ട യുവാവ് വാഹനം വെട്ടിക്കുന്പോൾ ബോർഡിൽ തട്ടി നടുറോഡിൽ വീഴുകയും ടാങ്കർ ലോറി ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.
കോടതിവിധിക്കു പുല്ലുവില
കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ ഹൈക്കോടതി പലപ്രാവശ്യം കർശന നിർദേശം നൽകിയതാണ്. കഴിഞ്ഞ മാസം നല്കിയ ഉത്തരവിൽ 15നകം റോഡുകൾ അറ്റകുറ്റപ്പണി ചെയ്തു ഗതാഗതയോഗ്യമാക്കണമെന്നു നിർദേശിച്ചിരുന്നു. റോഡുകൾ നന്നാക്കാൻ ഇനി അമേരിക്കയിൽനിന്ന് ആളെ കൊണ്ടുവരണമോ എന്നും കോടതി ചോദിച്ചതാണ്. റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്നും അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പും നൽകി.
നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി അനന്തമായി നീളുന്ന സാഹചര്യത്തിലാണ് കർശന ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തിയത്. കൊച്ചി കോർപറേഷനും ജിസിഡിഎയ്ക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുക്കുകയുംചെയ്തിരുന്നു.
കൊച്ചി നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ചീഫ് ജസ്റ്റീസിന് എഴുതിയ കത്താണ് ഹൈക്കോടതി സ്വമേധയാ ഹർജിയായി പരിഗണിച്ചത്. കൊച്ചി നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ, കാനകളുടെയും നടപ്പാതകളുടെയും നിർമാണം എന്നിവ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു ജില്ലാ കളക്ടർ ഹൈക്കോടതിയിൽ വ്യക്തമാക്കുകയുംചെയ്തു. എന്നാൽ കോടതി വിധി നടപ്പാക്കാൻ സർക്കാർ വകുപ്പുകൾ തയാറായില്ല.
കുഴി മറയ്ക്കാൻ ബോർഡ്
നൂറുക്കണക്കിന് ആളുകൾ ചെറുവാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്ന റോഡുകളിലെല്ലാം അപകടകരമായ കുഴികൾ നിലനിൽക്കുന്നു. കുഴി മൂടുന്നതിനു പകരം കല്ലുകളിട്ടും ബോർഡ് വച്ചും മറയ്ക്കുകയാണ് പതിവ്. ഇതാകട്ടെ അപകടസാധ്യത വർധിപ്പിക്കുന്നു.
കേബിൾ കന്പനികളും വാട്ടർ അഥോറിട്ടിയും കുഴിച്ചുണ്ടാക്കുന്ന ഗർത്തങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ ചില്ലറയല്ല. പലപ്പോഴും വാഹനങ്ങൾ അപകടത്തിൽനിന്നു രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടു മാത്രമാണ്. ബൈക്കുകൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നതു നിത്യസംഭവമാണ്. പാലാരിവട്ടത്തുനിന്നു കാക്കനാട് വഴിയിലേക്കു കയറിയാൽ കേബിൾ കുഴികളും ഗർത്തങ്ങളും നിരവധിയുണ്ട്.
ഹെൽമറ്റ് മാത്രം പോരാ
ബൈക്കിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് വച്ചതുകൊണ്ടു മാത്രം കാര്യമില്ല. കുഴികളിൽപ്പെട്ടു റോഡിലേക്കു വീഴുന്നവരുടെ ശരീരത്തിലൂടെ വാഹനങ്ങൾ കയറിയിറങ്ങുന്പോൾ ഹെൽമറ്റ്കൊണ്ട് എന്തു കാര്യം. ഹെൽമറ്റ് വയ്ക്കാൻ നിർബന്ധിക്കുന്ന സർക്കാരും ഉദ്യോഗസ്ഥരും കുഴികൾ മൂടി റോഡുകൾ നന്നാക്കി അപകടസാധ്യത ഒഴിവാക്കുകയാണ് പ്രഥമമായി ചെയ്യേണ്ടതെന്നു ജനം ചൂണ്ടിക്കാട്ടുന്നു. പറയുന്ന നികുതികളടച്ചു റോഡിലേക്കു വാഹനമിറക്കുന്നവർക്കു സുരക്ഷിതയാത്ര ഒരുക്കാൻ സർക്കാർ തയാറാകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.