ന്യൂഡൽഹി: സവോളയും ഉള്ളിയും മാത്രമല്ല മറ്റെല്ലാ പച്ചക്കറികൾക്കും പയർ, പരിപ്പ് അടക്കമുള്ള ധാന്യങ്ങൾക്കും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾക്കെല്ലാം തീവിലയായതോടെ ജനം വറചട്ടിയിൽ. കേന്ദ്രസർക്കാരിന്റെതന്നെ കണക്കനുസരിച്ച് പച്ചക്കറികളുടെയും ധാന്യങ്ങളുടെയും അടക്കം ചില്ലറ വിൽപനയിലെ വിലക്കയറ്റം മൂന്നു വർഷത്തിനിടയിലെ ഏറ്റവും കൂടിയ തോതിൽ പുതിയ റിക്കാർഡ് സൃഷ്ടിച്ചു.
ഉപഭോക്തൃ വില സൂചിക (കണ്സ്യൂമർ പ്രൈസ് ഇൻഡക്സ്- സിപിഐ) 40 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചില്ലറ വിൽപന വിലകൾ നാലു ശതമാനമാക്കാൻ റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരിക്കെയാണ് 5.54 ശതമാനമായി കഴിഞ്ഞ മാസം കൂടിയത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ (ജിഡിപി) വളർച്ചയിലെ ഇടിവ് അടക്കം സാന്പത്തിക മേഖലയിലെ തളർച്ചയ്ക്കു പിന്നാലെയാണു അവശ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമായത്.
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഭക്ഷ്യവസ്തുക്കളുടെ വിലകൾ അടക്കമുള്ള ചില്ലറ വിലകളെല്ലാം കുത്തനെ കൂടിയതായി കേന്ദ്രസർക്കാരിന്റെതന്നെ കണക്കുകൾ വ്യക്തമാക്കി. രാജ്യത്തെ ചില്ലറ വിൽപന വിലകളിലെ നാണ്യപെരുപ്പ നിരക്ക് 4.62 ശതമാനത്തിൽ ിന്ന് ഒരു മാസം കൊണ്ട് കഴിഞ്ഞ നവംബറിൽ 5.54 ശതമാനമായി കൂടിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കി.
പച്ചക്കറികളുടെ വിലകൾ ഒറ്റയടിക്ക് 10 ശതമാനമാണ് ഒരു മാസം കൊണ്ടു കൂടിയത്. പച്ചക്കറി വില ഒക്ടോബറിലെ 26 ശതമാനത്തിൽ നിന്ന് നവംബറിൽ 36 ശതമാനമായാണു കുതിച്ചുയർന്നത്. പരിപ്പ്, പയർ പോലുള്ള ധാന്യങ്ങളുടെ വിലകൾ റോക്കറ്റ് വേഗത്തിലാണ് കൂടുന്നത്. ഒരു മാസം മുന്പ് 11.72 ശതമാനമായിരുന്ന വിലകൾ കഴിഞ്ഞ മാസം 13.94 ശതമാനായി കൂടി. ഭക്ഷ്യവസ്തുക്കളുടെ മൊത്തം വില 7.89 ശതമാനത്തിൽ നിന്ന് 10.01 ശതമാനമായി കഴിഞ്ഞ മാസം കൂടിയിട്ടുണ്ട്. 2016 ജൂലൈയിലായിരുന്നു ഇതിനു മുന്പിലെ കൂടിയ വിലകൾ.
ഉള്ളി, സവോള അടക്കമുള്ളവയുടെ തീപൊള്ളിക്കുന്ന വിലക്കയറ്റം മാസത്തിലേറെയായിട്ടും ശമിപ്പിക്കാൻ സർക്കാരിനായിട്ടില്ല. മത്സ്യം, മാസം, മുട്ട തുടങ്ങിയവയുടെ വിലകളും കൂടിയത് ജനത്തെ വലയ്ക്കുകയാണ്. വരുമാനം കുറയുകയും ചെലവുകൾ കുത്തനെ കൂടുകയും ചെയ്തത് രാജ്യത്താകെ കോടിക്കണക്കിനു പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം ദുഃസഹമാക്കി.
ജോർജ് കള്ളിവയലിൽ