ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ വെട്ടുവിട്ടക്കാട് ട്രൈബൽ കോളനി വൈദ്യുതീകരണത്തിനു നടപടി സ്വീകരിച്ചതായി വൈദ്യുതിമന്ത്രി എം.എം.മണി അറിയിച്ചു. ബി.ഡി.ദേവസി എംഎൽഎയുടെ അഭ്യർഥനയനുസരിച്ച് തിരുവനന്തപുരത്ത് വൈദ്യുതിഭവനിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ സെക്്ഷൻ ഓഫീസുകൾ അനുവദിക്കുന്ന ഘട്ടത്തിൽ ചാലക്കുടി, കൊരട്ടി സെക്്ഷൻ ഓഫീസുകൾ വിഭജിച്ച് പുതിയ സെക്്ഷൻ ഓഫീസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കും.
അതിനു മുന്പായി വിവിധ സെക്്ഷൻ ഓഫീസുകളിലെ ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് പ്രവർത്തന പരിധി പുതുക്കി നിശ്ചയിക്കും. ഇതിനായി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേലൂർ കെഎസ്ഇബി സെക്്ഷൻ ഓഫീസിനു സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് പുതിയ കെട്ടിടം നിർമിക്കുവാൻ നടപടി സ്വീകരിക്കും.
കാലടി പ്ലാന്റേഷനും മേലൂർ സെക്ഷൻ ഓഫീസിനും കീഴിൽനിന്നു മാറ്റി മഞ്ഞപ്ര, മൂക്കന്നൂർ സെക്്ഷനുകൾക്കു കീഴിലാക്കുന്നതിനു നടപടി സ്വീകരിക്കും. തുന്പൂർമുഴി മുതലുള്ള എണ്ണപ്പനത്തോട്ടത്തിലൂടെ വൈദ്യുതി ലൈൻ വലിച്ചട്ടുള്ളത് മാറ്റി രോഡിലൂടെയാക്കുന്നതിനു നടപടി സ്വീകരിക്കും.പേരാന്പ്ര ആയുർവേദ ആശുപത്രി കോന്പൗണ്ടിലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുവാൻ മന്ത്രി നിർദേശിച്ചു.
പരിയാരം സെക്്ഷനിൽനിന്നും വൈദ്യുതി വിതരണം നടക്കുന്ന അതിരപ്പിള്ളി മേഖലയിൽ പെരിങ്ങൽകുത്തിൽനിന്നും കേബിൾ മുഖേനെ ബാക്ക് ഫീഡിംഗ് നടത്തി വൈദ്യുതി വിതരണം സുഗമമാക്കാൻ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡെപ്പോസിറ്റ് പ്രവർത്തികൾ കാലതാമസം കൂടാതെ നടപ്പാക്കാനും മന്ത്രി നിർദേശിച്ചു. നിലവിലുള്ള തെരുവ് വിളക്കുകളുടെ എണ്ണം സംബന്ധിച്ച് പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി എണ്ണം പുനർനിർണ്ണയിക്കും.
സ്ട്രീറ്റ് ലൈൻ ബോക്സുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കും. പെരിങ്ങൽകുത്തിലേയും ഷോളയാറിലേയും ഉപയോഗിക്കാതെ കിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് ഹൈഡൽ ടൂറിസം വഴി ടൂറിസ്റ്റുകൾക്ക് പ്രയോജനമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, ഡയറക്ടർ ഡിസ്ട്രിബ്യൂഷൻ പി.കുമാരൻ, ഡയറക്ടർ ട്രാൻസ്മിഷൻ എൻ.വേണുഗോപാൽ, ഡെപ്യൂട്ടി സി.ഇ. സുരേഷ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, കൊടകര പഞ്ചായത്ത് അംഗം പാപ്പച്ചൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.