ശബരിമല: മണ്ഡലപൂജയ്ക്ക് നട തുറന്ന് 27 ദിവസം പിന്നിടുമ്പോള്‍ അയ്യപ്പസന്നിധിയില്‍ ദര്‍ശനത്തിനെത്തിയത് 15,11,364 തീര്‍ഥാടകര്‍. പമ്പ വഴിയും പരമ്പരാഗത കാനന പാതയിലൂടെ പുല്‍മേട് വഴിയും ദര്‍ശനത്തിനെത്തിയവരുടെ കണക്കാണിത്. ഇന്നലെ ഭക്തരുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങള്‍ രണ്ടാംശനിയും ഞായറും മാസപൂജയുടെ ആദ്യദിനങ്ങളും ആയതിനാല്‍ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. വരുമാന ഇനത്തില്‍ ഈ ഉത്സവ സീസണില്‍ ഇതുവരെയുള്ള വരവ് നൂറുകോടിയോളം എത്തി.
ശബരിമല: ഫലപ്രദമായ മാലിന്യസംസ്ക്കരണത്തിന് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഇന്‍സിനറേറ്ററുകള്‍. 25 – 30 ട്രാക്ടര്‍ ലോഡ് ജൈവ-അജൈവ മാലിന്യങ്ങളാണ് പ്രതിദിനം ഇന്‍സിനറേറ്ററില്‍ എത്തുന്നത്. ആകെ മൂന്ന് യൂനിറ്റില്‍ ഒരെണ്ണം മണിക്കൂറില്‍ 300 കിലോ ഗ്രാം മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ളതാണ്. മറ്റ് രണ്ട് യൂനിറ്റുകളില്‍ മണിക്കൂറില്‍ 200 കി ഗ്രാം വീതം മാലിന്യം സംസ്കരിക്കാന്‍ കഴിയും. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള മാലിന്യ ശേഖരമാണ് ഇവിടെ എത്തിക്കുന്നത്. ജൈവ – അജൈവ മാലിന്യങ്ങള്‍ തരം തിരിച്ചാണ് സംസ്കരണ പ്രക്രിയ നടത്തുന്നത്. പ്രതിദിനം 350 ലിറ്റര്‍ വരെ ഡീസല്‍ ആവശ്യമുണ്ട് ഫര്‍ണസ് പ്രവര്‍ത്തിക്കാന്‍.
കഴിഞ്ഞ വര്‍ഷങ്ങളിലായി പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. തീര്‍ഥാടനപാതയില്‍ ഉടനീളം അയ്യപ്പന്മാര്ക്ക് ശുദ്ധമായ കുടിവെള്ള സംവിധാനം ഒരുക്കിയതിലൂടെയാണ് പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനായത്. ഇത് പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു.മൂന്ന് ഇന്‍സിനറേറ്റര്‍ യൂണിറ്റുകളിലായി 60 ഓളം പേര് മൂന്ന് ഷിഫ്റ്റിലായി പണിയെടുത്തുവരുന്നുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാന്റിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായ എന്‍വയോണ്‍മെന്റല്‍ സൂപ്പര്‍വൈസര്‍ ഉമാശങ്കര്‍ പറഞ്ഞു. പമ്പയിലും നിലയ്ക്കലിലും ഓരോ ഇന്‍സിനറേറ്ററുകള്‍ വീതം പ്രവര്‍ത്തിക്കുന്നുമുണ്ട്.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യവും ഇരുമുടിയില്‍ വരുന്ന ചെറിയ പാക്കറ്റുകളുമാണ് സംസ്കരണത്തില്‍ പ്രയാസം സൃഷ്ടിക്കുന്നത്. ഇരുമുടിക്കെട്ടില്‍ വരുന്ന ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന നിരന്തരമായ ബോധവത്കരണമാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ഭക്തര്‍ പൂര്‍ണമായും പ്ലാസ്റ്റിക് ഉപേക്ഷിച്ചാല്‍ മാത്രമേ പൂങ്കാവനത്തിന്റെ വിശുദ്ധി നിലനിര്‍ത്താനാവൂ.
ഹൃദയത്തിന് ഒരിടത്താവളം
ശബരിമല: ശബരിമലയില്‍ നീലിമലയ്ക്കും സന്നിധാനത്തിനുമിടയ്ക്കുള്ള അപ്പാച്ചിമേടിലെ കാര്‍ഡിയോളജി സെന്ററില്‍ ഈ തീര്‍ഥാടനകാലത്ത് ചികിത്സ തേടിയെത്തിയത് 6510 പേര്. ഇതില്‍ പ്രകടമായ ഹൃദ്രോഗാവസ്ഥയുടെ ലക്ഷണങ്ങളുള്ള 50 ഓളം പേരെ വിദഗ്ധ ചികിത്സക്കായി പമ്പ ഹോസ്പിറ്റല്‍, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്തതായും മെഡിക്കല്‍ ഓഫീസര്‍ ഡോ. സോണിക് അറിയിച്ചു. അത്യാസന്ന നിലയിലെത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.
ഒരു ഹൃദ്രോഗ വിദഗ്ധന്‍, അസ്ഥി രോഗവിദഗ്ധന്, ജനറല്‍ ഫിസിഷ്യന്‍, രണ്ട് അസിസ്റ്റന്റ് സര്ജന്മാര് എന്നിവരടങ്ങുന്ന സംഘമാണ് അപ്പാച്ചിമേടിലെ കാര്‍ഡിയോ സെന്ററില്‍ ഉള്ളത്. ഇവരെ സഹായിക്കാന്‍ രണ്ട് സ്റ്റാഫ് നേഴ്സ്, മൂന്ന് അറ്റന്‍ഡര്‍മാര്‍, മൂന്ന് നേഴ്സിംഗ് അസിസ്റ്റന്റുമാര്‍, ഒരു സ്റ്റോര്‍ കീപ്പര്‍, രണ്ട് ഫാര്‍മസിസ്റ്റ്, മൂന്ന് സ്പെഷല്‍ പ്യൂണ്‍ എന്നിവരടങ്ങുന്ന പാരാ മെഡിക്കല്‍ സംഘവുമുണ്ട്.വിദഗ്ധ ചികിത്സ ആവശ്യമായ രോഗികളെ അഖിലഭാരത അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ് സ്ട്രെച്ചറില്‍ പമ്പയില്‍ എത്തിക്കുന്നത്.