കണ്ണൂർ: തലശേരി ബാറിലെ യുവ അഭിഭാഷകയുടെ മരണം ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ബ്ലേഡ് മാഫിയ സംഘത്തലവനായ മമ്മാക്കുന്ന് സ്വദേശി ചക്കി ഷനോജിനെ (30) ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
തലശേരി ബാറിലെ യുവ അഭിഭാഷകയായ എടക്കാട് കടന്പൂർ നിവേദ്യത്തിൽ പ്രിയ രാജീവൻ (38) തൂങ്ങിമരിച്ച സംഭവത്തിലാണ് ബ്ലേഡ് മാഫിയ സംഘത്തലവൻ അറസ്റ്റിലായത്. ഷനോജിൽ നിന്നും ആറുലക്ഷം രൂപയോളം സ്ഥലത്തിന്റെ രേഖകൾ വച്ച് പ്രിയ കടം വാങ്ങിയിരുന്നു.
പലപ്പോഴായി പണം തിരികെ നൽകിയിരുന്നുവെങ്കിലും മുതലും പലിശയുമടക്കം വൻ തുക നല്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോണിലൂടെയും വീട്ടിൽ നേരിട്ടെത്തിയും ഷനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൽ മനംനൊന്താണ് പ്രിയ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
ഷനോജിന്റെ നിയന്ത്രണത്തിലുള്ള ബ്ലേഡ് സ്ഥാപനങ്ങളിലും പുതിയതെരുവിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയപ്പോൾ പ്രിയയുടെ സ്ഥലത്തിന്റെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മറ്റു പല രേഖകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. മരിച്ച അഭിഭാഷകയുടെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നവംബർ 13 നാണ് പ്രിയ രാജീവൻ ആത്മഹത്യ ചെയ്തത്.