പുൽപ്പള്ളി: കുറിച്ചിപ്പറ്റ പുറക്കാട്ട് പരേതനായ ഗോപി-കമല ദന്പതികളുടെ ഇളയ മകൾ നിമിഷ(31) തൊട്ടിൽപ്പാലത്തെ ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി, ഡിജിപി, വടകര റൂറൽ ജില്ലാ പോലീസ് മേധാവി എന്നിവർക്കു പരാതി നൽകി.
നിമിഷയുടേത് കൊലപാതകമാണെന്നു സംശയമുള്ളതിനാലാണ് സമഗ്രാന്വേഷണം ആവശ്യപ്പെടുന്നതെന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എ.എം. ദിലീപ്, ബൈജു നന്പിക്കൊല്ലി, നിമിഷയുടെ സഹോദരി ജിഷ എന്നിവർ പറഞ്ഞു.
ഡിസംബർ ഒന്നിനാണ് നിമിഷ ഭർതൃവീട്ടിൽ മരിച്ചത്. നിമിഷയ്ക്കു സുഖമില്ലെന്നു ഭർതൃകുടുംബത്തിലുള്ളവർ അറിയിച്ചതനുസരിച്ച് ബന്ധുക്കൾ കുറ്റ്യാടി ഗവ.ആശുപത്രിയിലെത്തിയപ്പോൾ ആംബുലൻസിൽ മൃതദേഹം കിടത്തിയതാണ് കണ്ടത്.
ഭർത്താവോ വീട്ടുകാരോ സ്ഥലത്തു ഉണ്ടായിരുന്നില്ല. രാവിലെ ആറോടെയാണ് നിമിഷ മരിച്ചതെന്നും കൈ ഒടിഞ്ഞിരുന്നതായും മുഖത്ത് അടികൊണ്ടു നീലിച്ച പാടുണ്ടായിരുന്നതായും നാട്ടുകാരിൽനിന്ന് അറിഞ്ഞു. നിമിഷയുടേത് തൂങ്ങിമരണമാണെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. ഭർതൃവീട്ടിൽ നിമിഷ നിരന്തരം പീഡനം അനുഭവിച്ചിരുന്നു.
സ്ത്രീധനത്തിന്റെ പേരിലാണ് പലപ്പോഴും ഉപദ്രവിച്ചത്. ഒരുതവണ മർദനത്തിൽ ചെവിയുടെ ഡയഫ്രം തകർന്നു. തോക്കുചൂണ്ടി ഭർത്താവ് ഭീഷണിപ്പെടുത്തിയതായി നിമിഷ അമ്മയോടു വെളിപ്പെടുത്തിയിട്ടുണ്ട്. നിമിഷ നഴ്സിംഗ് പൂർത്തിയാക്കിയിരുന്നുവെങ്കിലും ജോലിക്കുപോകാൻ ഭർത്താവ് അനുവദിച്ചിരുന്നില്ല. മരണവുമായി ബന്ധപ്പെട്ടു നൽകിയ പരാതി തൊട്ടിൽപ്പാലം പോലീസ് വേണ്ടവിധം അന്വേഷിച്ചില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.