പത്തനംതിട്ട: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റ ർലോക്ക് കട്ടകൾ പാകിയ നഗരപാതയിൽ ഇന്നലെ മഴയെ തുടർന്നു തെന്നി വീണ ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം 26 പിന്നിട്ടു. വെള്ളിയാഴ്ച വൈകുന്നേരവും മഴയെ തുടർന്ന് സെൻട്രൽ ടൗണിൽ വാഹനയാത്രക്കാർ അകടത്തിൽപ്പെട്ടിരുന്നു.
നഗരമധ്യത്തിൽ തുടർച്ചയായി ശുദ്ധ ജല പൈപ്പ് പൊട്ടി റോഡിൽ കുഴികൾ രൂപപ്പെട്ട് തുടങ്ങിയതോടെയാണ് സിവിൽ സ്റ്റേഷൻ പടി മുതൽ ഗാന്ധി പ്രതിമ വരെയുള്ള ഭാഗങ്ങളിലെ റോഡിൽ പൊതുമരാമത്ത് വകുപ്പ് 50 മീറ്ററോളം ദൂരത്തിൽ ടാർ ഇളക്കി ഇന്റർലോക്ക് കട്ടകൾ പാകിയത്. നഗര ഭാഗങ്ങളിൽ സുന്ദര്യവത്കരണവും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. ഇന്റർലോക്ക് കട്ടകൾ പാകിയ സിവിൽ സ്റ്റേഷൻ ഭാഗത്ത് റോഡിൽ കയറ്റിറക്കമാണുള്ളത്.
ഇവിടെയും, പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള ഭാഗത്തുമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീണത്. വലിയ വാഹനങ്ങളും ഈ ഭാഗങളിൽ തെന്നി മാറിയിരുന്നു. ഇന്റർലോക്ക് കട്ടകൾ ഇത്തരം തിരക്കേറിയ റോഡുകളിൽ വിരിക്കുന്നത് അശാസ്ത്രീയമാണെന്നിരിക്കെ പ്രധാന നഗര ഭാഗത്ത് ഇന്റർലോക്ക് കട്ടകൾ പാകിയത് ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ സമീപനമാണെന്ന പരാതികളും വ്യാപകമാണ്.
തണ്ണിത്തോട് – ചിറ്റാർ റോഡിൽ നീലിപിലാവിൽ ഇത്തരത്തിൽ ഇന്റർലോക്ക് കട്ടകൾ പാകിയ ഭാഗത്ത് വലിയ അപകടങ്ങൾ സംഭവിച്ചിരുന്നു. മറ്റു പല ഭാഗങളിലും പൂട്ടുകട്ടകൾ പ്രധാന പാതയ്ക്ക് സുരക്ഷിതമല്ലെന്ന് ഒട്ടനവധി പരാതികൾ നിലനിൽക്കേയാണ് ലക്ഷങ്ങൾ ചെലവഴിച്ച് പ്രധാന പാതകളിൽ പൊതുമരാമത്ത് വകുപ്പ് ടാറിംഗിനു പകരം കോൺക്രീറ്റ് കട്ടകൾ പാകുന്നത്.