കലവൂർ: പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ച് യുവതലമുറയെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കലവൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 1962 മുതൽ ഉയർന്നു വന്ന കേരളാ ബാങ്ക് എന്ന ആശയം പ്രാവർത്തികമാക്കാൻ ഇന്ന് എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. റിസർവ് ബാങ്കിന്റെ നിർദേശാനുസര ണമാണ് ഇത് പ്രവർത്തിക്കുക.
13 ജില്ലാ സഹകരണ ബാങ്കുകൾ ഇതിന് സഹായകരമായ നിലപാടെടൂത്തു. ഒരു ബാങ്കാണ് വിട്ടു നിൽക്കുന്നത്. കേരളാ ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടുത്തെ ജീവനക്കാരും സഹകാരികളും സമരമുഖത്താണ്.
ബാങ്കിംഗ് സംവിധാനം രണ്ട് തട്ടായതോടെ ഭരണ ചെലവ് കുറയ്ക്കാനാകും. ഇടപാടുകാർക്ക് നിക്ഷേപത്തിനു കൂടുതൽ പലിശ ലഭിക്കുകയും ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. കേരള ബാങ്ക് സഹകരണ മേഖലയുടെ വളർച്ചയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യും.
കേന്ദ്ര സർക്കാരാകട്ടെ എസ്ബിടിയെ എസ്ബിഐ യുമായി ലയിപ്പിച്ചതു വഴി കേരളത്തിന്റെ ആവശ്യങ്ങളോട് നീതി പുലർത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് വി.ടി. അജയകുമാർ അധ്യക്ഷത വഹിച്ചു.