കൊയിലാണ്ടി: കൂടത്തായി കൊല പാതക പരന്പര കേസന്വേഷണത്തിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൂര്‍ണമായും പൊന്നാമറ്റം വീടും പരിസരവും കാമറയില്‍ പകര്‍ത്തി. ഡ്രോണ്‍ സംവിധാനമുപയോഗിച്ചാണ് പകര്‍ത്തിയത്. ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍ വീടുകളിലെയുള്പ്പെടെ പ്രതികരണങ്ങള്‍ വ്യക്തമാകും വിധമാണ് കാമറയില്‍ ചിത്രീകരിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഈ രീതിയില്‍ കോടതിക്ക് വിശ്വാസമായ രീതിയില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രീകരിച്ചത്.
റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പൊന്നാ മറ്റം വീട്, കൂടത്തായ് ടൗണ്‍ , പൊന്നാമറ്റത്തുനിന്ന് മാത്യു മഞ്ചാടിയുടെ വീട് തുടങ്ങി കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രദേശങ്ങളും വിശദമായി ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കൃത്യമായ ലോക്കേഷന്‍ മാപ്പ് കിട്ടാനാണ് ഇത്തരത്തില്‍ വിദഗ്ധമായ നീക്കം പോലീസ് നടത്തിയത്. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിആര്ഹരിദാസ്, എസ്ഐ.പി.പി.മോഹനകൃഷ്ണന് സിപിഒ സിഞ്ചുദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ ബൈജു എംപീസാണ് പകര്‍ത്തിയത്.
ജോളിയടക്കമുള്ള പ്രതികള്‍ക്കായി ആളൂര്‍ വാദത്തിനായി എത്തുന്നതിനെ തുടര്‍ന്നാണ് പോലീസ് കേസ് കുറ്റമറ്റതാക്കാന്‍ ആധുനിക സംവിധാനങ്ങളിലെക്ക് നീങ്ങുന്നത്. കോടതിയില്‍ വീഡിയോ ജഡ്ജിക്ക് നേരിട്ട് കാണാനാവും. സ്ഥലം കാണാനും ലൊക്കേഷന്‍ മാപ്പിനും പ്രത്യേകം കമ്മീഷനെ കോടതിക്ക് വയ്ക്കേണ്ടി വരില്ല.