മുക്കം: പട്ടികജാതി വിദ്യാർഥിനി അനുപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് മൊബൈൽ കോളുകൾ പോലീസ് നിരീക്ഷണത്തിൽ. റിനാസിന്റേയും പെണ്‍കുട്ടിയുമായി അടുപ്പമുള്ളവരുടേയും ഫോണ്‍കോളുകളാണ് നിരീക്ഷിക്കുന്നത്. റിമാൻഡിലായ റിനാസ് തിരിച്ച് വാങ്ങിയ മൊബൈൽ ഫോണിലെ കോളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് വേണ്ടി സൈബർ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
രണ്ടാഴ്ച്ച മുമ്പാണ് ആൺ സുഹൃത്തായ മുരിങ്ങം പുറായി സ്വദേശി മൈസൂർമല പൊടുവണ്ണിക്കൽ റിനാസ് ഗൾഫിൽ നിന്ന് വന്നത്. മരിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് റിനാസ് അനുപ്രിയയോടത്ത് കക്കാടംപൊയിലിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയതായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ വ്യക്തവരുത്തുന്നതിനായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ സിസിടിവി കാമറകളിൽ പതിഞ്ഞ ചിത്രങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ ആത്മഹത്യക്ക് പ്രേരിപ്പിച്ചവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.