നിലന്പൂർ: ആന്ധ്രാ സർക്കാർ നടപ്പാക്കുന്ന പോക്സോ കേസ് നിയമ മാതൃക കേരളത്തിലും നടപ്പിലാക്കണമെന്ന് മുൻ മന്ത്രിയും കോണ്ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് ആവശ്യപ്പെട്ടു. കേരള സർക്കാർ വേണമെങ്കിൽ അതിനെ കുറിച്ചാലോചിക്കാമെന്നാണ് പറയുന്നത്. ആലോചിച്ചാൽ മാത്രം പോരെന്നും ഓർഡിനൻസിലൂടെ നടപ്പാക്കുകയാണ് വേണ്ടതെന്നും ആര്യാടൻ ആവശ്യപ്പെട്ടു.
നിലന്പൂർ നിയോജക മണ്ഡലം മഹിളാ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ നിർഭയ കേസിന്റെ പശ്ചാത്തലത്തിലാണ് കോണ്ഗ്രസിന് അധികാരംപോലും നഷ്ടമാവുന്നത്.
ലോകത്തിൽ തന്നെ അക്രമം കുറഞ്ഞ രാജ്യമായിരുന്ന ഇന്ത്യയിൽ ഇന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള പീഡനങ്ങൾ കൂടിവരികയാണ്. കേരളത്തിലാണെങ്കിൽ അക്രമി സിപിഎംകാരനാണെന്ന് കണ്ടാൽ അവരെ വിട്ടയക്കുന്ന സമീപനമാണ് സർക്കാരിന്േറതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാന്പത്തികമായും രാഷ്ട്രീയമായും ധാർമികമായും ഭാരതം തകർന്നിരിക്കുകയാണെന്നും അതിൽ നിന്ന് കരകയറ്റാൻ കോണഗ്രസിന് മാത്രമേ കഴിയു എന്നും ആര്യാടൻ പറഞ്ഞു. ചടങ്ങിൽ ഷേർളി വർഗീസ് അധ്യക്ഷയായി. കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി.
ഭാരതത്തിൽ ഒരു കുരിശുയുദ്ധത്തിന് സമയമായതായി അവർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, കെപിസിസി സെക്രട്ടറി വി.എ.കരീം, ആര്യാടൻ ഷൗക്കത്ത്, മഹിളാ കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദ്മിനി ഗോപിനാഥ്, മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.പുഷ്പവല്ലി, ഷേർളിമോൾ, എ.ഗോപിനാഥ്, ഇൽമുന്നീസ, പാലോളി മെഹബൂബ്, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാ നായർ എന്നിവർ പ്രസംഗിച്ചു.