നിലന്പൂർ: നിർധനരായ ആറു കുടുംബങ്ങൾക്ക് വീടൊരുക്കി നൽകി മാതൃകയാവുകയാണ് ടിഎഫ്ഇ എന്ന വാട്ട്സാപ്പ് കൂട്ടായ്മ. മൂത്തേടം പഞ്ചായത്തിലെ നാരങ്ങമൂലയിൽ സൗജന്യമായി ലഭിച്ച 36 സെന്റ് സ്ഥലത്താണ് ആറു വീടുകൾ നിർമിക്കുന്നത്. വീടുകളുടെ തറക്കല്ലിടൽ കർമ്മം ജില്ലാ കളക്ടർ ജാഫർ മലിക് നിർവഹിച്ചു. കൂട്ടായ്മയുടെ അഡ്മിനായ ഫസൽ ബഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.
നിലന്പൂർ സിഐ സുനിൽ പുളിക്കൽ, കൂട്ടായ്മ അംഗങ്ങളായ അൻവർ സാദത്ത്, സമീർ, മുത്തു, ടി.കെ.മൂസ്തഫ, മജീദ്, അഷറഫ് കോട്ടക്കൽ, കെ.അബ്ദുൾ ലത്തീഫ്, സിദ്ദിഖ്, കൂടാതെ കാരാടൻ സുലൈമാൻ, അലവി കോട്ടക്കാൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ കോട്ടക്കൽ, തിരൂർ, പൊന്നാനി പ്രദേശങ്ങളിൽ നിന്നുൾപ്പെടെ 180 അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ആറു ലക്ഷം രൂപയാണ് ഒരു വീടിന് നിർമാണ ചിലവ്.
2020 മേയ് മാസത്തിന് മുൻപായി വീട് നിർമാണം പൂർത്തികരിക്കും. വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചർ വാങ്ങാൻ ഒരോ കുടുംബത്തിനും 5000 രൂപാ വീതം നൽകും. പ്രളയ സമയത്തും സഹായവുമായി ടിഡിഎഫ് സജീവമായി നിലന്പൂർ മേഖലയിൽ പ്രവർത്തിച്ചിരുന്നു. തറക്കല്ലിടൽ കർമത്തിൽ പങ്കാളികളാക്കാൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി എത്തിയിരുന്നു.